അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ യുഎഇ അധികൃതർ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ബന്ധപ്പെട്ട
മന്ത്രാലയങ്ങൾ അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെയും സ്വകാര്യ മേഖലയിൽ നാല് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി പരിഗണിക്കുമ്പോൾ ജൂൺ 1 തിങ്കളാഴ്ച ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതുണ്ട്.
അതേസമയം, ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഇവർക്കും വാരാന്ത്യ അവധികൾക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും.
രാജ്യത്തെ നിരീക്ഷണ സമിതികൾ, ജ്യോതിശാസ്ത്ര വിദഗ്ധർ, ആധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒബ്സർവേറ്ററികൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് യുഎഇ മാസപ്പിറവി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ കണക്കുകൾ പ്രകാരം മേയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നാം തീയതിയായി നിശ്ചയിച്ചു.
ഇതിലൂടെ ഹജ്ജ് സീസണിനും ബലിപെരുന്നാൾ ആഘോഷങ്ങൾക്കുമുള്ള തീയതികൾക്ക് ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

