നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂര്യ.
കൃത്യമായി പറഞ്ഞാൽ 4,697 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരാധകർ ആഗ്രഹിച്ച വിജയം സൂര്യ തന്റെ പുതിയ ചിത്രമായ ‘കറുപ്പ്’ വഴി സ്വന്തമാക്കിയത്. റിലീസ് ചെയ്ത ആദ്യ നാല് ദിവസങ്ങൾ കൊണ്ട് തന്നെ ലോകമെമ്പാടുമായി 147 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.
ബുക്ക് മൈ ഷോ വഴി മാത്രം രണ്ട് മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ ‘കറുപ്പ്’, സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. നേരത്തെ ‘സിങ്കം 2’ എന്ന ചിത്രത്തിനായിരുന്നു സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച തിയേറ്റർ കളക്ഷൻ ഉണ്ടായിരുന്നത്.
എന്നാൽ ആ റെക്കോർഡ് കേവലം നാല് ദിവസം കൊണ്ടാണ് ‘കറുപ്പ്’ മറികടന്നത്. കേരളമുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന ചിത്രം, ബോക്സ് ഓഫീസ് ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ നേട്ടങ്ങളിലേക്കാണ് നീങ്ങുന്നത്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ ചിത്രം ഒരു സമ്പൂർണ ആക്ഷൻ എന്റർടൈനറാണ്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും മുൻപ് ചെയ്ത വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പി ആർ ഒ ആൻഡ് പ്രൊമോഷൻസ് പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

