‘സുവർണ ക്ഷേത്രം ആക്രമിക്കാന്‍ പാക്കിസ്ഥാൻ ശ്രമിച്ചു’; ഡ്രോണുകളും മിസൈലുകളും സൈന്യം തകർത്തതായി സ്ഥിരീകരണം
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രിയാണ് സുവർണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്.
എന്നാൽ സുവർണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യൻ സേന തടഞ്ഞിരുന്നുവെന്നും മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Also Read
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് മേയ് 7,8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചതായി സൈന്യം സ്ഥിരീകരിച്ചത്.
15-ാമത് ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ആണ് മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി.
Also Read
‘‘പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവർണ ക്ഷേത്രമായിരുന്നു. ഇതോടെ സുവർണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിച്ചു.
മേയ് 8 ന് പുലർച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാൽ ഇന്ത്യൻ സൈന്യം പൂർണ്ണമായും സജ്ജരായിരുന്നു.
പാക്കിസ്ഥാന്റെ മിസൈൽ – ഡ്രോൺ ഭീഷണികളെ പൂർണമായും നശിപ്പിച്ചു. സുവർണ ക്ഷേത്രത്തെ ലക്ഷ്യമിട്ട് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടു.’’ – അദ്ദേഹം എഎൻഐയോട് പറഞ്ഞു.
Also Read
ആകാശ് മിസൈൽ സിസ്റ്റം, എൽ-70 എയർ ഡിഫൻസ് ഗൺസ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. അമൃത്സർ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

