കൊല്ലം ജില്ലയിലെ അഞ്ചലിൽ ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. തമിഴ്നാട് സ്വദേശിയുൾപ്പെടെയുള്ളവരെയാണ് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്.
അഞ്ചൽ ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിലാണ് ഈ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുനെൽവേലി കുറക്കുടി പാച്ചേരി കല്ലിടക്കുറിച്ചി സ്വദേശി സുബ്ബയ്യ (48), അഞ്ചൽ തഴമേൽ നിജ മൻസിലിൽ ഷാജി (60) എന്നിവരെയാണ് ഏരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിന്റെ മതിൽ ചാടി കടന്നാണ് ഇരുവരും അകത്തുകടന്നത്.
തുടർന്ന് ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് സമീപം എത്തിയ ഇവർ, അവിടെ കഴുകിവെച്ചിരുന്ന ഉണ്ണിയപ്പക്കാര മോഷ്ടിച്ച് ചാക്കിൽക്കയറ്റി പുറത്തെത്തിച്ചു. ഇത് ഓട്ടോറിക്ഷയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ നടത്തിയ പരിശോധനയിലാണ് ചാക്കിൽ ഒളിപ്പിച്ച നിലയിൽ മോഷണമുതൽ കണ്ടെത്തിയത്. ഉടൻ തന്നെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഏരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

