ദില്ലി: ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുമതികൾക്കായി കൈക്കൂലി വാങ്ങിയ കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലിനെയും പ്രമുഖ സ്വകാര്യ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റിനെയും സിബിഐ അറസ്റ്റ് ചെയ്തു.
ദില്ലിയിലെ ഡിജിസിഎ ആസ്ഥാനത്തെ എയർവർത്തിനസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലായ മുദാവത് ദേവുല, പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റായ ഭരത് മാത്തൂർ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ എയ്റോസ്പേസ് കമ്പനിക്ക് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിനായുള്ള അപേക്ഷകളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിനായി ഭരത് മാത്തൂർ വഴി ദേവുല 2.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
ശനിയാഴ്ച നടന്ന ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. അറസ്റ്റിനെത്തുടർന്ന് ദില്ലിയിലെ നാല് കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി.
പ്രതികളുടെ പക്കൽ നിന്ന് 37 ലക്ഷം രൂപ പണമായും സ്വർണം-വെള്ളി നാണയങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികൾ തമ്മിലുള്ള ഗൂഢാലോചനയെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചും സിബിഐ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
അഴിമതിക്കെതിരെ വ്യോമയാന മേഖലയിൽ സിബിഐ നടത്തുന്ന ശക്തമായ ഇടപെടലുകളിൽ ഒന്നായി ഇത് മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

