മാന്നാർ: കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിൽ വേനൽമഴയിലും കാറ്റിലുംപെട്ട് എൺപതേക്കർ നെൽകൃഷി നശിച്ചു. തൊണ്ണൂറു ദിവസം പിന്നിട്ട് ഏപ്രിൽ എട്ടിന് കൊയ്ത്തിന് തയ്യാറെടുത്തിരുന്ന നെൽച്ചെടികളാണ് വ്യാപകമായി നശിച്ചത്.
മഴമൂലം പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പിങ് നടത്തി ബാക്കിയുള്ള കൃഷിയെങ്കിലും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ ഇപ്പോൾ. മുൻവർഷങ്ങളിലും വേനൽമഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശം സംഭവിച്ച് കടക്കെണിയിലായ കർഷകർ ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കൃഷിയിറക്കിയത്.
ബാങ്ക് വായ്പയെടുത്തും പലിശക്ക് പണം കടംവാങ്ങിയുമാണ് മിക്കവരും കൃഷി ചെയ്തത്. കഴിഞ്ഞ തവണ മുക്കം-വാലയിൽ ബണ്ട് നിർമാണം ഇഴഞ്ഞുനീങ്ങിയതുമൂലം കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയാതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പിന്നീട് മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. നിലവിൽ, വായ്പാത്തുക തിരിച്ചടയ്ക്കാനോ പാട്ടത്തുക നൽകാനോ കഴിയാത്ത കടുത്ത ദുരിതത്തിലാണ് ഈ കർഷകർ.
വിവരമറിഞ്ഞ് മാന്നാർ അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സുധീർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ എന്നിവർ പാടശേഖരത്തിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഇവരുടെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ഉടൻ കൈമാറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

