ഹരിപ്പാട്: കാര്ത്തികപ്പള്ളിയില് വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ നിര്ണായക വിവരങ്ങള് പുറത്തുവന്നു. കുഞ്ഞിന്റെ മരണകാരണം ഗുരുതരമായ പോഷകാഹാരക്കുറവാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിൽ വ്യക്തമാക്കുന്നത്.
പോഷകാഹാരക്കുറവ് കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിക്കുകയും വഷളാക്കുകയും ചെയ്തു. രണ്ടു വയസ് പ്രായമുണ്ടായിരുന്ന കുട്ടിക്ക് വെറും 7.5 കിലോ ഭാരം മാത്രമാണുണ്ടായിരുന്നത്.
സംഭവത്തില് കൂടുതല് ശാസ്ത്രീയമായ വ്യക്തത വരുത്തുന്നതിനായി ഹിസ്റ്റോപതോളജി പരിശോധന നടത്താനും അധികൃതര് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കുട്ടിയുടെ ശരീരത്തില് ബാഹ്യമായ മുറിവുകളോ മറ്റ് ക്ഷതങ്ങളോ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല.
ഈ സംഭവത്തോടൊപ്പം തന്നെ കുടുംബത്തിലെ ആദ്യ കുട്ടിയുടെ മരണത്തിലും സമഗ്രമായ പുനരന്വേഷണം നടത്താന് തീരുമാനമായിട്ടുണ്ട്. ഇന്ന് രാവിലെയാണ് കാര്ത്തികപ്പള്ളിയിലെ വീട്ടില് കുഞ്ഞിനെ മരിച്ച നിലയില് കണ്ടെത്തിയത്.
രാത്രിയില് സാധാരണ പോലെ കിടന്നുറങ്ങിയ കുഞ്ഞിനെയാണ് പിന്നീട് മരിച്ച നിലയില് കണ്ടെത്തിയത്.

