നഗരത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പിടിച്ചുപറിച്ച കേസിലെ പ്രതികൾ പിടിയിൽ. ഇരവിപുരം സ്വദേശി മാഹീൻ (25), പട്ടത്താനം ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരിഖ് (27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആദ്യ സംഭവം. ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് രണ്ട് പവൻ മാല സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇതിനുശേഷം കണ്ണനല്ലൂർ വടക്കേമുക്കിലെത്തിയ പ്രതികൾ, സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്ത്രീയുടെ ആറു പവൻ മാലയും കവർന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര, കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധനകളാണ് പോലീസ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ജയശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിയകോവിൽ ഇളംകുളം ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വിവിധ സ്റ്റേഷനുകളിൽ മോഷണവും കവർച്ചയും ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിൽ മാഹീനെതിരെ നേരത്തെ കാപ്പ (KAAPA) ചുമത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം എ.സി.പി ഷാജിയുടെ മേൽനോട്ടത്തിൽ ഈസ്റ്റ് സി.ഐ ജയശങ്കർ, എസ്.ഐ രഞ്ജു, സി.പി.ഒമാരായ ജയകുമാർ, മുരുകേഷ് കുമാർ, അൻഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം പ്രതികളെ ശക്തികുളങ്ങര പോലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

