2027 ലെ ഓസ്കര് പുരസ്കാരങ്ങളില് പരിഗണിക്കപ്പെടാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നവദമ്പതികള്‍ക്കായി രാത്രിയില്‍ നടക്കുന്ന ഒരു പരമ്പരാഗത ആചാരത്തെ ആസ്പദമാക്കിയാണ് മുന്നോട്ട് പോകുന്നത്. 99-ാമത് അക്കാദമി അവാര്‍ഡ്സില്‍ മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള വിഭാഗത്തിലേക്കാണ് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ആകെ 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് സെലക്ഷന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ശേഷാദ്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഓസ്കര് എന്ട്രിയാവാന് മത്സരിച്ച ചിത്രങ്ങളില്‍ നാല് മറാഠി ചിത്രങ്ങളും 14 ഹിന്ദി ചിത്രങ്ങളും ഉണ്ടായിരുന്നു.
മലയാളത്തിൽ നിന്ന് ബാലൻ ദ ബോയ് എന്ന ചിത്രവും മത്സരരംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയുടെ മികച്ച സമയമാണിതെന്നും മത്സരത്തിനെത്തിയ എല്ലാ സിനിമകളും നിലവാരം പുലര്ത്തിയവയാണെന്നും പി ശേഷാദ്രി കൂട്ടിച്ചേര്‍ത്തു.
വിവിധ ഭാഷകളിലായുള്ള 33 ചിത്രങ്ങളും പത്ത് ദിവസത്തിനുള്ളിലാണ് സെലക്ഷന് കമ്മിറ്റി വിലയിരുത്തിയത്. അംഖ്, ഇക്കിസ് എന്നീ സിനിമകളാണ് അവസാന മൂന്നില്‍ ഗോന്ധലിനൊപ്പം ഇടംപിടിച്ചിരുന്നത്.
2025 ല്‍ ഗോവയില്‍ വെച്ച് നടന്ന ഇന്ത്യയുടെ 56-ാമത് അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഗോന്ധലിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. ഈ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള രജത മയൂരം ചിത്രത്തിന്റെ സംവിധായകനായ സന്തോഷ് ദവഖാര്‍ സ്വന്തമാക്കിയിരുന്നു.
ഗ്രാമീണ മഹാരാഷ്ട്രയിലെ ഒരു തദ്ദേശീയ നൃത്ത കലയാണ് ഗോന്ധല്‍. വിവാഹ ജീവിതത്തില്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന സുമന് എന്ന യുവതിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുന്‍ കാമുകനൊപ്പം ജീവിക്കാനായി ഒരു കൊലപാതകം ആസൂത്രണം ചെയ്യുന്ന സുമനിലൂടെ വിശ്വാസം, ഭക്തി, ചതി എന്നിവയുടെ അതിര്‍വരമ്പുകളെ ചോദ്യം ചെയ്യുന്ന പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സന്തോഷ് ദവഖാര്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇഷിത ദേശ്മുഖ് ആണ്. കൂടാതെ കിഷോര്‍ കദം, യോഗേഷ് സൊഹാനി, നിഷാദ് ഭോയിര്‍, അനുജ് പ്രഭു, ധ്രു തോകെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംഗീത ഇതിഹാസം ഇളയരാജ ഈ മറാഠി ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു എന്നത് മലയാളികള്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ധുരന്ധര്‍, ധുരന്ധര്‍ 2, ഹനുമാന് അന്‍ഷ്, പെഡ്ഡി, ബോര്‍ഡര്‍ 2 തുടങ്ങിയ പ്രമുഖ ചിത്രങ്ങളും ഇന്ത്യയുടെ ഓസ്കര് എന്‍ട്രിക്കായുള്ള അവസാന ഘട്ട
മത്സരങ്ങളില്‍ ഉണ്ടായിരുന്നവയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

