നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയിൽ കേരളത്തിന് 17-ാം സ്ഥാനം. കേന്ദ്രഭരണപ്രദേശങ്ങളെയും സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ 46.6 പോയിന്റാണ് സംസ്ഥാനം നേടിയത്.
പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് 56.6 പോയിന്റ് കരസ്ഥമാക്കി. സംസ്ഥാനങ്ങളെ മാത്രം കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ സ്ഥാനം 15-ാമതാണ്.
രാജ്യത്തെ പ്രധാനപ്പെട്ട 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് കേരളം നിലകൊള്ളുന്നത്.
45 മുതൽ 50 വരെ പോയിന്റ് നേടുന്ന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തുന്ന ‘ഫ്രണ്ട്റണ്ണേഴ്സ്’ വിഭാഗത്തിലാണ് കേരളം ഇടംപിടിച്ചിരിക്കുന്നത്. 50-ന് മുകളിൽ സ്കോർ ചെയ്യുന്നവരെ ‘ടോപ് പെർഫോമേഴ്സ്’ ആയാണ് കണക്കാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളിലെ നേട്ടങ്ങൾ
സംസ്ഥാനത്തിന്റെ വികസന സാധ്യതകൾ വ്യക്തമാക്കുന്ന നിരവധി ഘടകങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വൈദ്യുതി ലഭ്യതയിലും പുനരുപയോഗ ഊർജ ഉൽപാദനത്തിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കൂടാതെ, കൊച്ചി, കൊല്ലം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെ മെച്ചപ്പെട്ട വായു ഗുണനിലവാരവും ഭൂകമ്പ സാധ്യത കുറവായതും നിക്ഷേപകർക്ക് അനുകൂല ഘടകങ്ങളായി നിതി ആയോഗ് വിലയിരുത്തുന്നു.
റോഡ് കണക്ടിവിറ്റി, വ്യവസായങ്ങൾക്കായുള്ള ഏകജാലക സംവിധാനം, മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യം, ഐടി പാർക്കുകൾ, നാല് രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിവ കേരളത്തിന്റെ കരുത്തായി റിപ്പോർട്ടിൽ എടുത്തുപറയുന്നു. വെല്ലുവിളികളും പരിഹാര നിർദേശങ്ങളും
നിക്ഷേപ മേഖലയിൽ കേരളം നേരിടുന്ന ചില പ്രതിസന്ധികളിലേക്കും റിപ്പോർട്ട് വെളിച്ചം വീശുന്നു.
തൊഴിൽ സമരങ്ങൾ, കാർഷിക സംഭരണശാലകളുടെയും ശീതീകരിച്ച വെയർഹൗസുകളുടെയും അപര്യാപ്തത, വിദഗ്ധ തൊഴിലാളികളുടെ വിദേശ കുടിയേറ്റം എന്നിവ പ്രധാന വെല്ലുവിളികളാണ്. പുതിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായി ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് നിതി ആയോഗ് നിർദ്ദേശിക്കുന്നു.
ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ ആസ്തിവികസനച്ചെലവ് അഥവാ ‘കാപെക്സ്’ വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. ഔദ്യോഗിക ഡേറ്റകൾക്കൊപ്പം നിക്ഷേപകർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

