കൊടുങ്ങല്ലൂർ ആല വാസുദേവ വിലാസം യുപി സ്കൂളിൽ അടുത്തിടെ നടന്ന മോഷണത്തെത്തുടർന്ന് തടസ്സപ്പെട്ട ഉച്ചഭക്ഷണ വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര സഹായവുമായി ലയൺസ് ക്ലബ്ബും ലക്ഷ്മി ജ്വല്ലറിയും രംഗത്തെത്തി.
“ഞങ്ങൾ ചേർത്തു പിടിക്കും, നമ്മുടെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങാൻ ഞങ്ങൾ അനുവദിക്കില്ല” എന്ന ഉറപ്പോടെയാണ് സ്കൂളിലെത്തിയ ലയൺസ് ക്ലബ് പ്രതിനിധികൾ പുതിയ പാത്രങ്ങളും സാധനങ്ങളും കൈമാറിയത്. സ്കൂളിലെ പാചകപ്പുരയിൽ നിന്ന് അരിയും പലവ്യഞ്ജനങ്ങളും പാത്രങ്ങളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടതിനെത്തുടർന്ന് താൽക്കാലികമായി പാത്രങ്ങൾ വാടകയ്ക്കെടുത്ത് ഭക്ഷണം പാകം ചെയ്യേണ്ട
സാഹചര്യമുണ്ടായിരുന്നു. ഈ വിവരം ക്ലബ് അംഗവും ലക്ഷ്മി ജ്വല്ലറി ഉടമയുമായ വി.ആർ.
സജീവൻ അറിയുകയും തുടർന്ന് സഹായവുമായി മുന്നിട്ടിറങ്ങുകയുമായിരുന്നു. ലക്ഷ്മി ജ്വല്ലറിയുടെ സഹകരണത്തോടെ സ്കൂളിലേക്ക് ആവശ്യമായ മൂന്ന് വലിയ പാത്രങ്ങൾ, ഉരുളി, മിക്സി, 10 ലീറ്റർ പ്രഷർ കുക്കർ, അലുമിനിയം ബക്കറ്റുകൾ, പ്ലാസ്റ്റിക് ബക്കറ്റുകൾ, ചായപ്പാത്രം, ചട്ടകം, കയിലുകൾ തുടങ്ങിയവ ലഭ്യമാക്കി.
എം.എൻ. പ്രവീൺ, വി.ആർ.
സജീവൻ എന്നിവർ ചേർന്ന് സ്കൂൾ അധികൃതർക്ക് സാധനങ്ങൾ കൈമാറി. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഡോ.
രശ്മി കണ്ണൻ, സെക്രട്ടറി സെലിൻ നഷർബാൻ, സലിൽ നാലുമാക്കൽ, അമ്പിളി ഗിരീഷ്, ടി.ആർ. കണ്ണൻ, വിൻസൺ ഇലഞ്ഞിക്കൽ, സോൺ ചെയർമാൻ ഹരിദാസ് എന്നിവരും സ്കൂൾ പ്രധാന അധ്യാപിക ജ്യോതി, പ്രസിഡന്റ് സുധീഷ് എന്നിവരും സംബന്ധിച്ചു.
അതേസമയം, സ്കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

