അർജന്റീനയ്ക്കെതിരായ നിർണായക സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ, പരിശീലകൻ തോമസ് ടൂഷേലിന്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഫിഫയുടെ ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു ടൂഷേലിന്റെ തീരുമാനങ്ങളെ ട്രംപ് പരിഹസിച്ചത്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു. എന്നാൽ, ലീഡ് നിലനിർത്താനായി അഞ്ച് പ്രതിരോധനിരക്കാരെ അണിനിരത്തിയ ടൂഷേലിന്റെ തന്ത്രം തിരിച്ചടിയായി.
ഇതോടെ, മുന്നേറ്റനിരയിൽ തിളങ്ങേണ്ട സൂപ്പർ താരം ഹാരി കെയ്ന് സ്വന്തം ബോക്സിലേക്ക് ഇറങ്ങി പ്രതിരോധത്തിൽ പങ്കുചേരേണ്ടി വന്നു.
ഈ പിഴവ് മുതലെടുത്ത അർജന്റീന 2-1 എന്ന സ്കോറിന് വിജയം പിടിച്ചെടുത്ത് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. താനുമായി ഗോൾഫ് കളിച്ചിട്ടുള്ള ഹാരി കെയ്നെ പ്രതിരോധ താരമായി ഉപയോഗിച്ചതിനെ ട്രംപ് അസാധാരണമായാണ് വിലയിരുത്തിയത്.
“ഇംഗ്ലണ്ടിന് മികച്ചൊരു കളിക്കാരനുണ്ട്, ഞാൻ അദ്ദേഹത്തോടൊപ്പം ഗോൾഫ് കളിച്ചിട്ടുമുണ്ട് – നമ്മുടെ ഹാരി കെയ്ൻ. അദ്ദേഹം അസാമാന്യ കളിക്കാരനാണ്.
എന്നാൽ അദ്ദേഹത്തെ ഒരു ഡിഫൻസീവ് കളിക്കാരനാക്കി മാറ്റിയതിലൂടെ അവർക്ക് വലിയൊരു തെറ്റ് പറ്റിയെന്നാണ് ഞാൻ കരുതുന്നത്,” ട്രംപ് പറഞ്ഞു. കൂടാതെ, “എനിക്ക് ഫുട്ബോളിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല.
അവർ മത്സരത്തിൽ ലീഡ് നേടി, തൊട്ടുപിന്നാലെ തങ്ങളുടെ ഏറ്റവും മികച്ച അറ്റാക്കിംഗ് കളിക്കാരനെ പിടിച്ച് പ്രതിരോധത്തിലാക്കി. നമ്മൾ എപ്പോഴും കുറച്ചെങ്കിലും അറ്റാക്കിംഗ് ആകണമല്ലോ? എന്തായാലും കോച്ചിംഗിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല.
എങ്കിലും അത് തികച്ചും അസാധാരണമായ ഒരു തീരുമാനമായിരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും തന്റെ തന്ത്രങ്ങളെ ന്യായീകരിച്ച് തോമസ് ടൂഷേൽ രംഗത്തെത്തി.
രണ്ടാം പകുതിയിൽ സ്വീകരിച്ച നിലപാടിൽ ഖേദമില്ലെന്നും, ടൂർണമെന്റിൽ ഇംഗ്ലണ്ട് പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. വിമർശനങ്ങൾക്കിടയിലും ഇംഗ്ലീഷ് എഫ്എ ടൂഷേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോ 2028 വരെ നീളുന്ന കരാർ അദ്ദേഹം പൂർത്തിയാക്കുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

