ആലപ്പുഴയിൽ നടന്ന ‘രക്ഷാപ്രവർത്തനം’ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് സമർപ്പിച്ച പുതുക്കിയ റിപ്പോർട്ടിൽ എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര പരാമർശങ്ങൾ.
അജിത്കുമാർ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായിരിക്കെ, അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫിസ് കേന്ദ്രീകരിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ഈ വിഷയത്തിൽ വിശദീകരണം തേടിക്കൊണ്ട് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ, അജിത്കുമാറിന് ഔദ്യോഗികമായി കത്തു നൽകി.
മൂന്ന് ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാനാണ് നിർദേശം. ലഭിക്കുന്ന മറുപടി പരിശോധിച്ച ശേഷം, വകുപ്പുതല നടപടികൾ ആവശ്യമാണോ എന്ന് ശുപാർശ ചെയ്തുകൊണ്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറും.
തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. കേസ് അട്ടിമറിക്കുന്നതിൽ അജിത്കുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ നീക്കം.
സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ ഉണ്ടായാൽ അജിത്കുമാറിന്റെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം തടസ്സപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ, നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അജിത്കുമാറിന്റെ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ ഇടപെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയതടക്കം സ്വന്തം ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിൽ അജിത്കുമാറിനുള്ള പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച കേസിൽ ഗ്രേഡ് എസ്ഐമാർ തിരുത്തൽ വരുത്തിയത് ഉന്നതതല ഇടപെടലിലൂടെയാണെന്നാണ് കണ്ടെത്തൽ.
സ്ഥാനക്കയറ്റം പ്രതിസന്ധിയിൽ
ഈ മാസം 31-ന് അഗ്നിരക്ഷാസേനാ മേധാവി നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി റാങ്കിലേക്ക് അർഹതപ്പെട്ടത് എഡിജിപിമാരിൽ സീനിയറായ അജിത്കുമാറിനാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്ഥാനക്കയറ്റം തുലാസിലായിരിക്കുകയാണ്.
ജയിൽ എഡിജിപി എസ്.ശ്രീജിത് ആണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. സർവീസ് ചട്ടപ്രകാരം സസ്പെൻഷൻ, വകുപ്പുതല നടപടികൾക്കായുള്ള മെമ്മോ, അല്ലെങ്കിൽ ക്രിമിനൽ കേസിൽ പ്രതിയായി കുറ്റപത്രം സമർപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയാൻ വ്യവസ്ഥയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

