വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ബസിൽ കയറ്റാൻ വിസമ്മതിക്കുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. സംഭവത്തിൽ ആരോപണവിധേയനായ കണ്ടക്ടർ രാംദാസിന്റെ ലൈസൻസാണ് അധികൃതർ സസ്പെൻഡ് ചെയ്തത്.
മൂന്നു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിക്കൊണ്ട് ഉത്തരവായത്. ഇതിനു പുറമെ, ഇദ്ദേഹത്തിന് പ്രത്യേക ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിശദീകരണം തേടിയിരുന്നു. വിദ്യാർത്ഥികൾ കൈകൂപ്പി അഭ്യർത്ഥിച്ചിട്ടും അവരെ ബസിൽ കയറ്റാതെ പുറത്തുനിർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഇത് വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
വിവിധ വിദ്യാർത്ഥി സംഘടനകൾ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

