സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ഇന്ന് (21) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 22, 23, 24, 25 തീയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അതേസമയം, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.
കൂടാതെ തായ്ലൻഡ് കടലിടുക്കിനും അതിനോട് ചേർന്ന തായ്ലൻഡ്, മ്യാൻമർ പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലവിലുണ്ട്. ഈ ചക്രവാതച്ചുഴി ഇന്ന് (21) വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ഇതിന്റെ സ്വാധീനഫലമായി 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിച്ച് 22, 24, 25 തീയതികളിൽ കൂടുതൽ ശക്തിപ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

