പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നടപ്പിലാക്കിയ പുതിയ ഇന്ധന വിതരണ മാനദണ്ഡങ്ങൾ പൊതുജനങ്ങളെയും കർഷകരെയും വലിയ പ്രതിസന്ധിയിലാക്കുന്നു. കുപ്പികൾക്ക് പുറമെ കന്നാസുകളിലും ഇന്ധനം നൽകുന്നത് കർശനമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ 11-ാം തീയതിയാണ് പുറത്തിറങ്ങിയത്.
ഇതോടെ ഗ്രാമീണ മേഖലകളിൽ കാർഷിക യന്ത്രങ്ങളും ജനറേറ്ററുകളും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകാരമുള്ള കണ്ടെയ്നറുകളിൽ മാത്രമേ ഇനി മുതൽ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.
തീപിടിത്തം, ചോർച്ച, സ്ഫോടനം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. പെസോ അംഗീകാരമുള്ള കാനുകളിൽ നിർമാതാവിന്റെ പേര്, ലൈസൻസ് നമ്പർ, നിർമാണ തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കും.
എന്നാൽ ഇത്തരം കാനുകൾ വിപണിയിൽ ലഭ്യതക്കുറവുള്ളത് സാധാരണക്കാരെ വലയ്ക്കുകയാണ്. കാർഷിക ആവശ്യങ്ങൾക്കായി യന്ത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭിക്കാത്തത് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ട്.
കാട് വെട്ടുന്ന യന്ത്രങ്ങൾക്കായി ബൈക്കുകളിൽ പെട്രോൾ നിറച്ച് എത്തിക്കേണ്ട അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.
വയൽ പണികൾക്കായി പവർടില്ലറുകൾ ഉപയോഗിക്കുന്ന കർഷകരും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. കൂടാതെ, ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും വൈദ്യുതി തടസ്സം നേരിടുമ്പോൾ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഡീസൽ എങ്ങനെ ലഭ്യമാക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം, പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് ഇന്ധനം നൽകാൻ പാടില്ല. വാഹനങ്ങളുടെ ടാങ്കുകളിലേക്കോ അല്ലെങ്കിൽ പെസോ അംഗീകൃത കാനുകളിലേക്കോ മാത്രമേ ഇന്ധനം നിറയ്ക്കാവൂ.
ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാൻ അനുവാദമുള്ളൂ. ചട്ടം ലംഘിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഈ നിയന്ത്രണങ്ങളിൽ നിന്ന് കാർഷിക മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം, കൃഷി മന്ത്രാലയങ്ങൾക്ക് ടി.സിദ്ദിഖ് കത്ത് നൽകി.
ഇന്ധന ലഭ്യത ഉറപ്പാക്കാനും കൃഷിപ്പണികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

