കോഴിക്കോട് ദേശീയപാതയിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ തുടർച്ചയായി ടോൾ നൽകാതെ നിയമലംഘനം നടത്തിയ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ടൊയോട്ട
ഫോർച്യൂണർ കാറാണ് പിടികൂടിയത്. ടോൾ പ്ലാസ അധികൃതർ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഈ വാഹനം നിരവധി തവണ ടോൾ നൽകാതെ ജീവനക്കാരെ കബളിപ്പിച്ച് കടന്നുകളഞ്ഞിരുന്നു. പലതവണ തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
ടോൾ പ്ലാസയിലെ ബൂം ബാരിയർ തട്ടിത്തെറിപ്പിച്ച് കടന്നുകളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ട്രാഫിക് വിഭാഗം പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.
വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനായി നന്മണ്ട സബ് ആർടി ഓഫീസിൽ എൻ.ഒ.സിക്കായി അപേക്ഷ നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, എൻ.ഒ.സിക്ക് അപേക്ഷിച്ച വ്യക്തിക്ക് വാഹനവുമായി നേരിട്ട് ബന്ധമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
സംഭവത്തിൽ വാഹന ഉടമകളെ കണ്ടെത്താനുള്ള ഊർജിത അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ടോൾ വെട്ടിച്ച് കടന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരോട് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

