സിപിഎം കാസർകോട്, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. പാർട്ടി തീരുമാനങ്ങൾ താഴെത്തട്ടിൽ അടിച്ചേൽപ്പിക്കുന്നുവെന്നും, “തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്നതാണ് നിലപാടെന്നും” കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
ഭൂമാഫിയാ ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർത്ഥിയാക്കിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും, ഇതാണ് തൃക്കരിപ്പൂരിലെ പരാജയത്തിന് വഴിവെച്ചതെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദയെ രക്തസാക്ഷിയാക്കിയതും, അവിടെ 20,000 സി.പി.എം വോട്ടുകൾ മറിച്ചതിൽ ഗൂഢാലോചന നടന്നതായും നേതാക്കൾ ആരോപിച്ചു.
അതേസമയം, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നേരെ രൂക്ഷ വിമർശനമാണുണ്ടായത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും, അദ്ദേഹത്തെ ആ സ്ഥാനത്ത് നിയമിച്ചത് തെറ്റായ തീരുമാനമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ “ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നു” എന്ന് വിമർശിച്ച നേതാക്കൾ, ഇത്തരം പ്രവണതകൾ തുടർന്നാൽ കേരളത്തിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താഴെത്തട്ടിൽ സംഭവിച്ച സംഘടനാപരമായ വീഴ്ചകളും ആവേശം ചോർന്ന പ്രവർത്തനരീതികളും ചർച്ചയായി. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും യോഗം വിലയിരുത്തി.
നേതൃനിര നേരിട്ട് മത്സരത്തിനിറങ്ങണമെന്ന നിർദ്ദേശം ഉയർന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. തിരുത്തലുകൾ അനിവാര്യമാണെന്നും അല്ലാത്തപക്ഷം പാർട്ടി വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും സെക്രട്ടേറിയറ്റ് യോഗങ്ങളിൽ നേതാക്കൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

