ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സഞ്ജു സാംസണിന് തിരിച്ചടി. ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്കായി മികച്ച തുടക്കമാണ് സഞ്ജു കാഴ്ചവെച്ചത്.
ഹൈദരാബാദിനായി നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ആദ്യ ഓവര്‍ എറിഞ്ഞത്. നേരിട്ട
ആദ്യ പന്ത് നോ ബോളായതോടെ ലഭിച്ച ഫ്രീ ഹിറ്റ് പന്തില്‍ സിക്സ് അടിച്ച് സഞ്ജു അക്കൗണ്ട് തുറന്നു. തുടര്‍ന്ന് ബൗണ്ടറികളുമായി കളം നിറഞ്ഞ സഞ്ജു ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് നേടി.
പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന മൂന്ന് പന്തുകളിലും ബൗണ്ടറി പായിച്ചതോടെ ചെന്നൈ ആരാധകര്‍ ആവേശത്തിലായി. മൂന്നാം ഓവറില്‍ പന്തെറിയാനെത്തിയ ഹൈദരാബാദ് നായകന് പാറ്റ് കമിന്‍സിനെതിരെയും സഞ്ജു ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്.
ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റിന് പിന്നിലെ ക്യാച്ചിനായി ഹൈദരാബാദ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് റിവ്യൂ പരിശോധിച്ചെങ്കിലും അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ സഞ്ജു ക്രീസില്‍ തുടര്‍ന്നു.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് ക്യാച്ച് നല്കി സഞ്ജു പുറത്തായി. ക്യാച്ചുമായി ബന്ധപ്പെട്ട് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് റിവ്യൂ എടുത്തുവെങ്കിലും ഫലമുണ്ടായില്ല.
13 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സാണ് സഞ്ജു നേടിയത്. ഈ സീസണില്‍ 477 റണ്‍സുമായി ഓറഞ്ച് ക്യാപ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സഞ്ജു സാംസണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

