
നാലു വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമം; അമ്മ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളയാർ ∙ നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ശ്വേത കുട്ടിയെ ഒരാൾ പൊക്കത്തിൽ വെള്ളമുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു.
കിണറിന് 15 അടി താഴ്ചയുണ്ട്. എന്നാൽ കുട്ടി അദ്ഭുതകരമായി മോട്ടർ പൈപ്പിൽ തൂങ്ങിക്കിടന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും ചേർന്ന് ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.
തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. ശ്വേത തമിഴ്നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചുവെന്നും വിശദമായ അന്വേഷണം നടത്തിയാലേ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.