വൈക്കം നഗരസഭാ പാർക്കിനു സമീപം സ്ഥാപിച്ചിരുന്ന ബിനാലെ മണി നിലവിൽ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. 2024 മേയ് മാസത്തിൽ ഇതിന്റെ ഇരുമ്പുതൂണുകൾ ദ്രവിച്ച് അപകടാവസ്ഥയിലായതിനെ തുടർന്ന്, മണി പാർക്കിനു സമീപത്തു നിന്ന് അഴിച്ചുമാറ്റി കായലോര ബീച്ചിലേക്കുള്ള റോഡരികിലേക്ക് മാറ്റുകയായിരുന്നു.
ബീച്ചിനോടു ചേർന്ന് വേമ്പനാട്ടുകായലിൽ മണി പുനഃസ്ഥാപിക്കുമെന്ന് അന്നത്തെ ലളിതകലാ അക്കാദമിയുടെയും നഗരസഭയുടെയും അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, രണ്ടര വർഷമായിട്ടും യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ല. 2024 മേയ് മാസത്തിലാണ് നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന മണി അപകടാവസ്ഥയിലായത്.
അന്ന് ഇരുമ്പുതൂണുകൾ ദ്രവിച്ച് ഒടിഞ്ഞ് ഒരു വശത്തേക്കു ചരിയുകയുണ്ടായി. കോൺക്രീറ്റ് തൂണിൽ തങ്ങി നിന്നതുകൊണ്ട് മാത്രമാണ് ഇത് കായലിലേക്കു വീഴാതെ രക്ഷപ്പെട്ടത്.
പിന്നീട് ലളിതകലാ അക്കാദമിയും വൈക്കം നഗരസഭയും സംയുക്തമായി ഇടപെട്ടാണ് യന്ത്രസഹായത്തോടെ മണി അഴിച്ച് ബീച്ച് മൈതാനത്തേക്കു മാറ്റിയത്. 2014ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന ഈ കലാസൃഷ്ടി, അന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ.ഷിബുവിന്റെ പ്രത്യേക ശ്രമഫലമായാണ് 2015ൽ വൈക്കത്ത് എത്തിച്ചത്.
തുടർന്ന് നഗരസഭയുടെ പൂർണ്ണ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി, നഗരസഭാ പാർക്കിനടുത്ത് വേമ്പനാട്ടുകായലിൽ ഇത് സ്ഥാപിക്കുകയായിരുന്നു. ജലനിരപ്പിന് മുകൾഭാഗം വരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച്, അതിനു മുകളിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് മണി ഉറപ്പിച്ചു നിർത്തിയത്.
ആകെ 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലിൽ നിർമിച്ച ഈ മണിക്ക് 2.5 ടൺ ഭാരമാണുള്ളത്. കോയമ്പത്തൂരിൽ 6 മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തീകരിച്ചത്.
തുടർന്ന് കൊച്ചി ബിനാലെയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. പ്രശസ്ത ശിൽപി ജിജി സ്കറിയ നിർമിച്ച ഈ ശിൽപത്തിന് ‘ക്രോണിക്കിൾസ് ഓഫ് ദ് ഷോർസ് ഫോർ ടോൾഡ്’ എന്നായിരുന്നു പേര് നൽകിയിരുന്നത്.
മണിയുടെ ദ്വാരത്തിലൂടെ വെള്ളം പ്രവഹിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ ഘടന. എന്നാൽ, ലളിതകല അക്കാദമി സെക്രട്ടറിയായി എം.കെ.ഷിബു വീണ്ടും ചുമതലയേറ്റതോടെ, വേമ്പനാട്ടായലിന്റെ തീരത്ത് മണി പഴയ പ്രൗഢിയോടെ വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നാട്ടുകാർ.
“കേരള ലളിതകലാ അക്കാദമിയുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ തന്നെ വൈക്കത്തെ ബിനാലെ ശിൽപം പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. അക്കാദമി നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നിർമാണം ആരംഭിക്കാൻ വൈകുന്നതിന് കാരണം.
കഴിവതും വേഗം ഇത് പുനഃസ്ഥാപിക്കും.” – എം.കെ.ഷിബു, സെക്രട്ടറി, ലളിതകലാ അക്കാദമി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

