തമിഴ്നാട്ടിലെ കർഷകർക്ക് വലിയ ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം. 6,220 കോടി രൂപയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി.
ടിവികെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കുന്നത്. പുതിയ പദ്ധതി പ്രകാരം സഹകരണ ബാങ്കുകളിൽനിന്ന് 75,000 രൂപ വരെ വായ്പയെടുത്ത കർഷകരുടെ മുഴുവൻ കടവും പൂർണ്ണമായി ഒഴിവാക്കിക്കൊടുക്കും.
75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയിൽ വായ്പ എടുത്തവർക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കുമ്പോൾ, ഒരു ലക്ഷത്തിന് മുകളിൽ വായ്പയുള്ളവർക്ക് 35,000 രൂപയുടെ ആനുകൂല്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക തീരുമാനത്തിലൂടെ 2,38,264 കർഷകർക്ക് 40,000 രൂപ വരെ അധിക നേട്ടം ലഭിക്കും.
കർഷകരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “തമിഴ്നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ ജീവനാണെങ്കിൽ, കർഷകർ ഞങ്ങളുടെ ജീവനാഡിയാണ്.
കർഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാധ്യത കുറയ്ക്കുക, കൃഷി ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ”. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് വേഗത്തിൽ ആശ്വാസം എത്തിക്കുകയാണ് ലക്ഷ്യം.
പുതിയ ഇളവുകൾക്കായി സർക്കാർ 953.06 കോടി രൂപയാണ് പുതുതായി കണ്ടെത്തുന്നത്. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 6,220 കോടി രൂപയായി ഉയരും.
കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം 13.34 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് 5,267 കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മെയ് 25ന് അധികാരമേറ്റ ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനുള്ളിൽ തന്നെ 50,000 രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളിയിരുന്നു.
തുടർന്ന് വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂൺ 19ന് പദ്ധതി കൂടുതൽ വ്യാപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

