തൃശൂർ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തേക്കിൻകാട് മൈതാനിയിൽ ഒരുക്കിയ ഭീമൻ അത്തപ്പൂക്കളം കാണാൻ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ എത്തി. സായാഹ്ന സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൂറ്റൻ അത്തപ്പൂക്കളം ഒരുക്കിയത്.
മകൾ സാൻവി ശങ്കരിക്കൊപ്പമാണ് കലക്ടർ എത്തിയത്. ആഘോഷച്ചടങ്ങുകളിൽ പങ്കുചേർന്ന അവർ ഏറെ സമയം മൈതാനിയിൽ ചെലവഴിച്ചു.
കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഓണത്തിന് തൃശൂരിലെ ജനങ്ങളുടെ അകമഴിഞ്ഞ പങ്കാളിത്തത്തെക്കുറിച്ച് കലക്ടർ സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവെച്ചു. കലക്ടറുടെ കുറിപ്പിൽ നിന്ന്: “തേക്കിൻകാടിന്റെ അത്തപ്പൂക്കളം, നിറങ്ങളാൽ മനോഹരമായ അത്തം.
ഇന്ന് അത്തം. തേക്കിൻകാട് മൈതാനിയിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളം കാണാനും അതിന്റെ ഒരുക്കങ്ങളിൽ പങ്കുചേരുന്നവരോടൊപ്പം കുറച്ചുനേരം ചെലവഴിക്കാനും കഴിഞ്ഞത് ഏറെ സന്തോഷം പകർന്നു.
ഓണത്തിന്റെ തിരക്കുകൾക്കിടയിലും ഒരുമിച്ചുകൂടാനും നമ്മുടെ പാരമ്പര്യങ്ങളെയും ആഘോഷങ്ങളെയും ചേർത്തുപിടിക്കാനും സമയം കണ്ടെത്തുന്ന ജനങ്ങളാണ് തൃശൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. പൂക്കളുടെ നിറവും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒരുമിച്ചുകൂടുന്നതിന്റെ സന്തോഷവും നിറഞ്ഞ തേക്കിൻകാട് ഇന്ന് കൂടുതൽ മനോഹരമായി.
നമ്മുടെ പാരമ്പര്യങ്ങളെയും ആഘോഷങ്ങളെയും ചേർത്തുപിടിച്ച്, ഒരുമയോടെ ഓണത്തെ വരവേൽക്കുന്ന ഈ കാഴ്ചകൾ തന്നെയാണ് തൃശൂരിന്റെ മനോഹാരിത. ഓണം നമ്മെ വീണ്ടും ഓർമിപ്പിക്കുന്നത് ഒരുമയുടെ ഈ സൗന്ദര്യമാണ്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ!”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

