ജീവിതത്തിൽ ഉടനീളം ഗാന്ധിയൻ ആദർശങ്ങൾ മുറുകെപ്പിടിച്ച പോരാളിയാണ് സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു എന്ന് കൃഷിമന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. നിരവധി പരിപാടികളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് തനിക്കുണ്ടാക്കുന്നത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ ആവേശഭരിതമായ ഏടിന്റെ പേരാണ് സോഷ്യോ വാസു.
അദ്ദേഹത്തിന്റെ പോരാട്ട ജീവിതം എക്കാലത്തും പൊതുപ്രവർത്തകർക്ക് വലിയ മാതൃകയും പ്രചോദനവുമാണ്.
കേവലം 18 വയസ്സ് പിന്നിട്ടപ്പോൾ തന്നെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടിഷ് പൊലീസിന്റെ ക്രൂരമർദനത്തിനും തടവ് ശിക്ഷയ്ക്കും വിധേയനാക്കപ്പെട്ട കരുത്തുറ്റ പോരാളിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊള്ളുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന സോഷ്യോ വാസുവിനെ പോലുള്ള ഒരു തലമുറ ഇല്ലാതാകുന്നത് വേദനാജനകമാണ്. സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച വിപ്ലവകാരിക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും മന്ത്രി ടി.സിദ്ദീഖ് അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

