ഡൽഹി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് കടുത്ത വാക്പോരുകൾ തുടരുന്നു. ഈ വിഷയത്തിൽ മാപ്പ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആത്മാവിനോട് സോണിയ ഗാന്ധി മാപ്പപേക്ഷിക്കണമെന്നാണ് രാജസ്ഥാനിലെ പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, സ്വന്തം പരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് അമിത് ഷായുടെ ഇത്തരം ശ്രമങ്ങളെന്ന് കോൺഗ്രസ് ശക്തമായി തിരിച്ചടിച്ചു.
രാജ്യസഭയിൽ ഡോ. ബി.ആർ.
അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷാ. ത്രിവർണ പതാക ഉയർത്താൻ പാടില്ലെന്ന് 2002 വരെ ചിന്തിച്ചിരുന്ന പ്രത്യയശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റേത്.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി കൈകാര്യം ചെയ്തയാളാണ് അദ്ദേഹമെന്നും കോൺഗ്രസ് വിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ പരമാധികാരത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവർക്ക് വന്ദേമാതരം ആലപിക്കുമ്പോൾ രോഷം തോന്നുമോയെന്ന് ബിജെപി ചോദിച്ചു.
തലച്ചോറിൽ നക്സൽ ചിന്തയുമായി നടക്കുന്നവരുടെ മാനസികാവസ്ഥ മൂലമാണ് കോൺഗ്രസ് നേതാക്കൾ ദേശീയഗീതത്തെ എതിർക്കുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വ്യക്തമാക്കി. വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ട
വിവാദത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിന്മുറക്കാരനും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുമുണ്ട്. കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്.
ഇതൊഴിവാക്കാൻ സോണിയ ഗാന്ധി ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം. എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് ഇരിക്കാൻ സോണിയ ഗാന്ധി കസേര ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് കോൺഗ്രസ് നൽകിയ വിശദീകരണം.
അതേസമയം, വന്ദേമാതരം വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ എത്തിയിട്ടുണ്ട്. ഹിന്ദു സേന മേധാവി വിഷ്ണു ഗുപ്ത ഡൽഹി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയപ്പോൾ, കർണാടകയിലെ ഉർവ, മംഗളൂരു പൊലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

