ഇടുക്കി ജില്ലയിലെ മണിയാറൻകുടി മുസ്ലിം പള്ളി സിറ്റി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം കേൾക്കുന്നത് നാട്ടുകാരിൽ ആശങ്ക പരത്തുന്നു. 2018-ലെ മഹാപ്രളയകാലത്ത് ഈ മേഖലയിൽ ഭീതി വിതച്ച സോയിൽ പൈപ്പിങ് പ്രതിഭാസമാണോ ഇവിടെയും ആവർത്തിക്കുന്നതെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
സംഭവത്തെക്കുറിച്ച് വിശദമാക്കുന്നത് ഇങ്ങനെ: മുസ്ലിം പള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ എ.എസ്.സൂനീറിന്റെ വസതിയിലാണ് പുലർച്ചെ മുതൽ ഇത്തരമൊരു ശബ്ദം അനുഭവപ്പെട്ടത്. സൂനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആണ് ശബ്ദം ആദ്യം ശ്രദ്ധിച്ചത്.
ഭൂമിക്കടിയിലൂടെ അതിശക്തമായി ജലം ഒഴുകുന്നതിന് സമാനമായ ശബ്ദമാണ് കേൾക്കുന്നത്. 14 വർഷം മുൻപ് പുതുക്കി പണിത ഈ വീട്ടിൽ ദീർഘകാലമായി ഇവർ താമസിച്ചുവരികയാണ്.
ഏഴ് വർഷം മുൻപാണ് വീടിന് മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡ് നവീകരിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാർ കമ്പി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഭൂമിക്കടിയിൽ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ടോർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ വെള്ളം ഒഴുകുന്നത് കാണാൻ സാധിച്ചെങ്കിലും, ജലം എവിടേക്കാണ് നീങ്ങുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിവരം ലഭിച്ചയുടൻ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് ജിയോളജി, റവന്യു വകുപ്പുകൾക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറി. ഈ വിഷയത്തിൽ ജിയോളജി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും, പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നും കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി.സലിം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

