ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ, കളി നേരിട്ട് കാണാനുള്ള അവസരം ഒഴിവാക്കി അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലെയ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവർക്കൊപ്പം വിഐപി ഗാലറിയിൽ ഇരുന്ന് മത്സരം വീക്ഷിക്കാൻ വലിയ അവസരമുണ്ടായിട്ടും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
ഔദ്യോഗിക വസതിയായ ഒലിവോസിൽ ഇരുന്ന് ടെലിവിഷനിലൂടെ മത്സരം കാണാനാണ് തീരുമാനം. ടൂർണമെന്റിൽ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളും താൻ ഈ വസതിയിൽ ഇരുന്നാണ് കണ്ടതെന്നും, അർജന്റീന വിജയിച്ച ആ പരമ്പര തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മിലെയ് വ്യക്തമാക്കി.
ഇത് കേവലം ലൊക്കേഷൻ മാറ്റം മാത്രമല്ല, കടുത്ത വിശ്വാസങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്. റേഡിയോ സ്റ്റേഷനായ ‘എൽ ഒബ്സർവേറ്ററി’യോട് സംസാരിക്കവേ അദ്ദേഹം തന്റെ പ്രത്യേക ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തി.
പ്രത്യേക ജാക്കറ്റും ഭാഗ്യ വിശ്വാസവും
മത്സരം നടക്കുന്ന ദിവസങ്ങളിൽ താൻ ഒരു പ്രത്യേക ജാക്കറ്റ് മാത്രമേ ധരിക്കാറുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. “തണുപ്പുള്ള സമയമായിട്ടും വസതിയിൽ ഞാൻ ഹീറ്റർ ഓൺ ചെയ്യാറില്ല.
പകരം ഒരു ഓയിൽ കമ്പനിയുടെ ലോഗോയുള്ള വലിയൊരു കട്ടിയുള്ള ജാക്കറ്റാണ് ധരിക്കാറുള്ളത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിനിടെ എനിക്ക് നല്ല ചൂട് തോന്നി ഞാൻ ആ ജാക്കറ്റ് അഴിച്ചുമാറ്റി.
തൊട്ടുപിന്നാലെ അർജന്റീന ഒരു ഗോൾ വഴങ്ങി. ഞാൻ ഉടൻ തന്നെ ആ ജാക്കറ്റ് തിരിച്ചിട്ടു, അതിനുശേഷം ഇന്നുവരെ കളി കഴിയാതെ ഞാൻ അത് മാറ്റിയിട്ടില്ല.” അർജന്റീനയിൽ ഇത്തരം വിശ്വാസങ്ങളെ ‘കബാലാസ്’ എന്നാണ് വിളിക്കുന്നത്.
ചരിത്രപരമായ കാരണങ്ങൾ
പ്രസിഡന്റുമാർ സ്റ്റേഡിയത്തിൽ എത്താത്തതിന് പിന്നിൽ ദശാബ്ദങ്ങൾ പഴക്കമുള്ള മറ്റൊരു കാരണവുമുണ്ട്. 1990-ലെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ അർജന്റീന കാമറൂണിനെ നേരിട്ടപ്പോൾ അന്ന് പ്രസിഡന്റായിരുന്ന കാർലോസ് മെനെം സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
ആ മത്സരത്തിൽ അർജന്റീന അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ഇതോടെ മെനെം ഒരു ‘മുഫാ’ അഥവാ ഭാഗ്യദോഷിയായി മുദ്രകുത്തപ്പെട്ടു.
ഈ പാരമ്പര്യം തുടരാതിരിക്കാനാണ് താൻ സ്റ്റേഡിയത്തിലേക്ക് പോകാത്തതെന്ന് ഹാവിയർ മിലെയ് സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

