ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച ദൗത്യത്തിന് പിന്തുണയുമായി നടൻ മോഹൻലാൽ രംഗത്ത്. ഇതിന്റെ ഭാഗമായി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് ‘തൂഫാൻ വാറിയർ’ ബാഡ്ജ് ഔദ്യോഗികമായി കൈമാറി.
ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറായ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യ ചടങ്ങിൽ പങ്കെടുത്തു.
തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴി ലഹരിവിരുദ്ധ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മോഹൻലാൽ മന്ത്രിയോട് വിശദീകരിച്ചു. നിരവധി കുടുംബങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ ഈ ദൗത്യത്തിന് സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, വിശ്വശാന്തി ഫൗണ്ടേഷൻ തയ്യാറാക്കിയ ‘സേ നോ ടൂ ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖയും അദ്ദേഹം മന്ത്രിക്ക് കൈമാറി. ലഹരി വിമുക്ത പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിക്കുമെന്ന് മോഹൻലാൽ വ്യക്തമാക്കി.
ഈ ദൗത്യം കേവലം ആരംഭ ശൂരത്വം മാത്രമായിരിക്കില്ലെന്ന് രമേശ് ചെന്നിത്തല ഉറപ്പുനൽകി. “ഇതൊരു ആരംഭ ശൂരത്വം ആയി അവസാനിക്കുന്നില്ല.
കേരള പൊലീസിന്റെ തുടര്‍ പ്രവര്‍ത്തനമായി ഇത് മാറ്റുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മോഹൻലാലിനെ പോലെ ജനങ്ങൾ നെഞ്ചേറ്റിയ ഒരു താരം ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത് ഓപ്പറേഷൻ തൂഫാന് വലിയ ഊർജ്ജം പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കും. പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ‘തൂഫാൻ വാറിയേഴ്സ്’ സംവിധാനം വിപുലീകരിക്കും.
ലഹരിക്കടത്ത് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചും, കര-നാവിക-വ്യോമസേനകൾ, കോസ്റ്റ് ഗാർഡ്, വിമാനത്താവള-തുറമുഖ അധികാരികൾ എന്നിവരുമായി സഹകരിച്ചും ശക്തമായ പ്രതിരോധ ശൃംഖല ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ ആന്റണി പെരുമ്പാവൂരും സന്നിഹിതനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

