ഫ്രാൻസിലെ എവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നും, ഔദ്യോഗിക കരാറുകൾക്ക് അപ്പുറം ഇന്ത്യയുടെ സുരക്ഷയിൽ അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ഡോണാൾഡ് ട്രംപ് ഉറപ്പുനൽകി. “ഞാൻ കരുതുന്നത് ഇതൊരു മികച്ച ബന്ധമാണെന്നാണ്.
കരാറുകൾ ഒന്നുമില്ലാതെ തന്നെ എനിക്ക് നിങ്ങളോട് ഇത് പറയാൻ കഴിയും, ഞങ്ങൾക്ക് ഔദ്യോഗികമായി ഒരു കരാറില്ല. എന്നാൽ അവർ (ഇന്ത്യ) ആക്രമിക്കപ്പെട്ടാൽ, സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും” – അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറുവശത്ത്, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികരുടെ സുരക്ഷ എന്ന വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ ഉന്നയിച്ചു.
അടുത്തിടെ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ വിഷയം ഗൗരവമായി ഉന്നയിക്കപ്പെട്ടത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ നാവികരായി സേവനമനുഷ്ഠിക്കുന്നതിനാൽ അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് മോദി ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഡോണാൾഡ് ട്രംപ് സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു.
കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഇന്ത്യയിൽ താൻ നടത്തിയ സന്ദർശനം വളരെ മികച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ജൂൺ 17, 2026-ലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

