കുവൈത്തിൽ ലഹരി മാഫിയകൾക്കെതിരെ സുരക്ഷാ സേന ശക്തമായ നടപടികൾ തുടരുന്നു. മയക്കുമരുന്ന് കടത്തും വിൽപനയും തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനകളിലായി 14 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ആസൂത്രിതമായ റെയ്ഡുകളിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണത്തിനും വിൽപനയ്ക്കും ശ്രമിച്ചവരാണ് പിടിയിലായവരിൽ ഏറെയും.
പരിശോധനയിൽ വൻ തോതിലുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 1.425 കിലോഗ്രാം മെത്താംഫെറ്റമിൻ (ക്രിസ്റ്റൽ മെത്ത്), 1.15 കിലോഗ്രാം ഹാഷിഷ്, 365 ഗ്രാം കഞ്ചാവ് (മരിജുവാന), 3 ഗ്രാം ഹെറോയിൻ എന്നിവ ഉൾപ്പെടുന്നു.
കൂടാതെ, സിന്തറ്റിക് കാനബിനോയിഡ് ലഹരി പദാർത്ഥം പുരട്ടിയ നാല് എ4 ഷീറ്റുകൾ, 80 ലിറിക്ക ക്യാപ്സ്യൂളുകൾ, 3 സൈക്കോട്രോപിക് ഗുളികകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന 6 ഡിജിറ്റൽ തൂക്കുമെഷീനുകളും പായ്ക്കിങ് സാമഗ്രികളും മറ്റ് ഉപകരണങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അറസ്റ്റിലായ 14 പേരെയും പിടിച്ചെടുത്ത തെളിവുകൾ സഹിതം തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമപരമായ അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
ലഹരിയുടെ ഉപയോഗം, കടത്ത്, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

