രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കേരളത്തിലും വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.
പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസത്തെ തുടർന്ന് അന്തരീക്ഷ ഊഷ്മാവ് കുത്തനെ ഉയർന്നതാണ് രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറയാൻ കാരണമായത്.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി, ജൂൺ 16 മുതൽ തിരികെ നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി ദീർഘകാല കരാറുകൾക്കായി ശ്രമിച്ചെങ്കിലും രാജ്യത്തെ പ്രതിസന്ധി കാരണം അത് പരാജയപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചെങ്കിലും മഴ കാര്യമായി ലഭിക്കാത്തത് താപനിലയിൽ കുറവുണ്ടാക്കിയിട്ടില്ല. നിലവിൽ 4100 മെഗാവാട്ട് വൈദ്യുതിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉപഭോഗം 4900 മെഗാവാട്ട് വരെ ഉയർന്നു.
ദൈനംദിന വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര ഉത്പാദനത്തിലൂടെ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽ നിന്ന് 1701 മെഗാവാട്ടും നിലവിലെ കരാറുകൾ വഴി 612 മെഗാവാട്ടും ലഭിക്കുന്നുണ്ടെങ്കിലും, ജൂൺ 16 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 900 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്.
പവർ എക്സ്ചേഞ്ചുകളിലെ ലഭ്യത 5 ശതമാനമായി ചുരുങ്ങിയതും തിരിച്ചടിയായി. ഇതിന്റെ ഭാഗമായി ജൂൺ 16 രാത്രി 9 മുതൽ 12 വരെ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രതിസന്ധി വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അടിയന്തര യോഗം വിളിച്ചുചേർത്തു. പവർ സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ ഡോ.
എം ജി രാജമാണിക്യം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ദൈനംദിന കരാറുകൾ വഴി പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
വൈദ്യുതി ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സ്ഥിതിഗതികൾ നിയന്ത്രണാതീതമായാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് യോഗം അനുമതി നൽകി. വൈദ്യുതി ലഭ്യതയിലെ കുറവ് കണക്കിലെടുത്ത് ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

