തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയിൽ വൻ ലഹരിമരുന്ന് വേട്ട. പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ഇന്ന് പുലർച്ചെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് 38 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് തൃശൂർ, കുന്നംകുളം, ചാലക്കാട് എന്നിവിടങ്ങളിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ ലഹരി ശേഖരം. കാറിന്റെ പിൻസീറ്റിലും ഡിക്കിയിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്. സംഭവം ഇങ്ങനെ
പോലീസിനെ കണ്ടതോടെ പ്രതികൾ വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഇതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രതികളുടെ കാർ ഇടിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് തങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ കാറിനെ മുന്നിലും പിന്നിലും തടഞ്ഞുനിർത്തിയാണ് സാഹസികമായി പിടികൂടിയത്. പ്രതികളിൽ ഒരാളായ സനൽ, കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ് മുഖിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു നടപടി. ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിച്ചതിന് ശേഷം സിറ്റി ഡാൻസാഫ് ടീം നടത്തുന്ന മൂന്നാമത്തെ വലിയ ലഹരി വേട്ടയാണിത്.
ഇതിനുമുമ്പ് മണ്ണൂത്തിയിൽ ആംബുലൻസിലും കുന്നംകുളത്ത് കുക്കറിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

