കോട്ടയം: മാസപ്പടി കേസ് വെറും വ്യക്തിഗതമായ വിഷയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും, ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. കേവലം ചോദ്യം ചെയ്യലിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല തന്റെ പരാതിയെന്നും അദ്ദേഹം ആവർത്തിച്ചു.
നിലവിൽ അന്വേഷണം 10 ശതമാനത്തോളം പൂർത്തിയായെന്നും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ പിണറായി വിജയൻ പ്രതിസ്ഥാനത്ത് എത്തുമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. ഇത് മുഖ്യമന്ത്രിക്ക് ലഭിച്ച കൈക്കൂലിയാണെന്നും, ഈ വിഷയത്തിൽ കൂടുതൽ തലങ്ങളിലേക്ക് അന്വേഷണം നീളാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താൻ ബിജെപി പ്രവർത്തകനല്ലെന്നും, പരാതി നൽകിയ വിഷയത്തിൽ ബിജെപി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടിനെ ഷോൺ ജോർജ് പരിഹസിച്ചു.
ഒരുമിച്ച് പ്രതിരോധിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും, അതെപ്പോഴാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ അവിടെ ഒരു സി.പി.എം പ്രവർത്തകനെപ്പോലും കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയനും ഗോവിന്ദൻ മാഷും ആഹ്വാനം ചെയ്താലും, അന്വേഷണത്തെ തടസ്സപ്പെടുത്താൻ പാർട്ടി അണികൾ ഉണ്ടാകില്ലെന്നും, കൂലിക്ക് പണിയെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ മാത്രമാണ് അത്തരത്തിൽ പ്രതികരിക്കാൻ സാധ്യതയുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

