കെഎസ്ആർടിസിയുടെ പ്രതിസന്ധികൾ അവസാനിച്ചുവെന്നും സ്ഥാപനം പുതിയൊരു വളർച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഗതാഗതമന്ത്രി സി.പി.ജോൺ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് വഴി റോഡുകളിലെ വാഹനപ്പെരുപ്പം, ഗതാഗതക്കുരുക്ക്, അന്തരീക്ഷ മലിനീകരണം, റോഡ് അപകടങ്ങൾ എന്നിവ ഫലപ്രദമായി കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിന് ശേഷമുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കാറുകളുടെ എണ്ണം ആറുലക്ഷമായും ഇരുചക്ര വാഹനങ്ങളുടെ എണ്ണം ഒരു കോടിയായും വർധിച്ചു.
അതേസമയം, പൊതുഗതാഗത രംഗത്ത് ഉണ്ടായിരുന്ന 55,000 സ്വകാര്യ ബസുകൾ പതിനായിരമായും, കെഎസ്ആർടിസി ബസുകൾ 7000-ൽ നിന്ന് 4000-മായും കുറഞ്ഞത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സമഗ്രമായൊരു ഗതാഗത നയം ഉടൻ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി ആരും സമരത്തിലേക്ക് നീങ്ങേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ഗ്രാമവണ്ടി പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആയിരം പഞ്ചായത്തുകൾ വഴി ആയിരം ബസ്സുകൾ സർവീസ് നടത്തുമെന്നും, പഞ്ചായത്തുകൾ നിർദ്ദേശിക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു.
ഉന്നത വിജയം കൈവരിച്ച ഉദ്യോഗസ്ഥരുടെ മക്കൾക്ക് സമ്മാനദാനവും നിർവഹിച്ചു. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.
പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷറഫ് മുഹമ്മദ്, ജി.പി. പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു.
അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സജിത് കുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, പുതിയ ഭാരവാഹികളായി സജിത് കുമാർ (പ്രസിഡണ്ട്), ബി.എസ്. ഷിജു (ജനറൽ സെക്രട്ടറി), ബി.
അജിത്കുമാർ (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

