നവീന സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള കാലത്തും ഇന്നത്തെ യുവതലമുറ പഴയകാലത്തിന്റെ ഓർമ്മകളെ തിരയുകയാണ്. ജെൻ സീ (Gen Z) എന്ന് വിളിക്കപ്പെടുന്ന, 1997-നും 2012-നും ഇടയിൽ ജനിച്ചവർക്കിടയിൽ ഇപ്പോൾ ട്രെൻഡായിരിക്കുന്നത് തൊണ്ണൂറുകളുടെയും രണ്ടായിരങ്ങളുടെയും തുടക്കത്തിലെ ശൈലികളാണ്.
സംഗീതത്തിലും വേഷവിധാനങ്ങളിലും മാത്രമല്ല, ഉപയോഗിക്കുന്ന വസ്തുക്കളിലും ഈ ‘റെട്രോ’ ഭ്രമം പ്രകടമാണ്. വിപണിയിലെ റെട്രോ സാന്നിധ്യം
കേവലം ഒരു താല്പര്യം എന്നതിലുപരി വലിയൊരു സാമ്പത്തിക സാധ്യത കൂടിയാണ് ഈ വിന്റേജ് ഏസ്തറ്റിക്.
ആഗോളതലത്തിൽ ഈ ഫാഷൻ വിപണിയുടെ മൂല്യം 5,000 കോടി രൂപയിലേറെയാണ്. ഇന്ത്യയിൽ മാത്രം ഇത് ഏകദേശം 1,000 കോടി രൂപയോളം വരും.
ഇൻസ്റ്റഗ്രാമിൽ മാത്രം 2025-ൽ ‘നോസ്റ്റാൾജിയ’ എന്ന ഹാഷ്ടാഗിൽ പങ്കുവെച്ചത് 1.17 കോടി പോസ്റ്റുകളാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ
ക്ലാസിക്–അനലോഗ് ഡിജിറ്റൽ വാച്ചുകൾ, ഫ്ലിപ് ഫോണുകൾ, വയേഡ് ഹെഡ്സെറ്റുകൾ എന്നിവയാണ് ഇപ്പോഴത്തെ യുവതയുടെ പ്രിയപ്പെട്ട
ആക്സസറികൾ. വേഷവിധാനങ്ങളിൽ ‘ഓൾഡ് മണി ഔട്ട്ഫിറ്റ്’, ‘Y2K’ ഫാഷൻ എന്നിവയ്ക്കൊപ്പം നാടൻ മുണ്ടും ഷർട്ടും വരെ ഇടംപിടിക്കുന്നു.
വാഹന പ്രേമികൾക്കിടയിൽ യമഹ ആർഎക്സ് 100, ഹീറോ സ്പ്ലെൻഡർ, ജാവ ബൈക്കുകൾ എന്നിവയും മാരുതി 800, സെൻ, ജിപ്സി, ലാൻസർ തുടങ്ങിയ കാറുകളും വീണ്ടും താരമാകുന്നു. ഇവയിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾക്ക് വലിയ പ്രചാരമാണുള്ളത്.
സ്മാർട്ട് നൊസ്റ്റാൾജിയ
ഡിജിറ്റൽ ലോകത്തുനിന്നും അല്പം വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവത്വം. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഡംപ് ഫോണുകൾ’ അഥവാ കീപാഡ് ഫോണുകൾക്ക് പ്രിയമേറി.
ലോകത്തെ ഫോൺ വിപണിയിൽ കഴിഞ്ഞ വർഷം വിറ്റഴിക്കപ്പെട്ടതിൽ 50 ശതമാനവും ഇത്തരം ഫീച്ചർ ഫോണുകളായിരുന്നു. 63 ശതമാനം ജെൻസീക്കാരും ഡിജിറ്റൽ ലോകത്തുനിന്ന് താൽക്കാലികമായി വിട്ടുനിൽക്കാൻ (Log off) താല്പര്യപ്പെടുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കൂടാതെ, ഫിലിം ക്യാമറകൾ, പോളറോയ്ഡ് ക്യാമറകൾ, എംപി3 പ്ലെയറുകൾ, വിനൈൽ ഡിസ്ക് റെക്കോർഡുകൾ എന്നിവയ്ക്കും ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. ഈ തലമുറയ്ക്ക് സിനിമകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രം പരിചയമുള്ള ആ പഴയ കാലഘട്ടത്തോടുള്ള ആരാധനയെ ‘ഫോക്സ്റ്റാൾജിയ’ എന്നാണ് സൈബർ ലോകം വിശേഷിപ്പിക്കുന്നത്.
ഓടിടി പ്ലാറ്റ്ഫോമുകളിൽ പോലും രണ്ടായിരത്തിനോട് അടുത്ത കാലഘട്ടത്തിലെ ‘ഫ്രണ്ട്സ്’, ‘ഹൗ ഐ മെറ്റ് യുവർ മദർ’ തുടങ്ങിയ സീരീസുകൾക്കും പഴയ മെലഡികൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

