മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തെ എംപിമാരെ കൂറുമാറ്റാനുള്ള നീക്കങ്ങൾ ഊർജിതമായി തുടരുന്നു. ‘ഓപ്പറേഷൻ ടൈഗർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് പാർട്ടിയിലെ ഒൻപത് എംപിമാരിൽ അഞ്ച് പേർ വിട്ടുനിന്നത് വലിയ ചർച്ചയായിരിക്കുകയാണ്.
നിലവിൽ പല പ്രമുഖ എംപിമാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത നേതാക്കൾ ഇന്ന് ഡൽഹിയിലെത്തും.
ഇന്ന് നടക്കാനിരിക്കുന്ന പാർലമെന്ററി കമ്മിറ്റി യോഗം നിർണായകമാണ്. എംപിമാരെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെയും മുതിർന്ന നേതാക്കളും നേരിട്ട് ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
ഇന്ന് ഡൽഹിയിൽ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ വിമത എംപിമാരുടെ യോഗം ചേരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൂടി പങ്കെടുക്കുന്ന ഈ യോഗത്തിന് ശേഷം, എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിൽക്കണ്ട് കൂടിക്കാഴ്ച നടത്തിയേക്കും.
ലോക്സഭയ്ക്കുള്ളിൽ പ്രത്യേക വിഭാഗം രൂപീകരിച്ച ശേഷം ഈ ഗ്രൂപ്പിനെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിപ്പിക്കാനാണ് നീക്കം. തൃണമൂൽ കോൺഗ്രസിന് പിന്നാലെ ഉദ്ധവ് പക്ഷത്തും പിളർപ്പുണ്ടായാൽ അത് ഇന്ത്യാ മുന്നണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.
നിലവിൽ തങ്ങളുടെ പക്ഷത്തേക്ക് 16 എംഎൽഎമാർ ബന്ധപ്പെട്ടതായി ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

