കുമരനല്ലൂർ മേഖലയിൽ ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകയിൽ കെട്ടിയിരുന്ന കരിങ്കല്ല് ബസിന് മുകളിലേക്ക് വീണ് അപകടം. കുറ്റിപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലാണ് തകർന്നത്.
കുമ്പിടി-തൃത്താല റോഡിൽ ചിറ്റപ്പുറത്തുവെച്ച് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.20 ഓടെയായിരുന്നു സംഭവം. അർജന്റീന ആരാധകർ ബസ് സ്റ്റോപ്പിന് സമീപം ഉയർത്തിക്കെട്ടിയ വലിയ പതാക കാറ്റിൽ പറക്കാതിരിക്കാൻ താഴെ ഭാഗത്ത് കരിങ്കല്ല് കെട്ടിത്തൂക്കിയിരുന്നു.
ശക്തമായ കാറ്റിൽ ഈ കല്ല് ബസിന്റെ മുൻവശത്തെ ചില്ലിൽ വന്ന് പതിക്കുകയായിരുന്നു. അപകടസമയത്ത് 14 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ചില്ല് തകർന്ന് ഉള്ളിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് ബസ് ഡ്രൈവർ കെ.എം.രവിചന്ദ്രന് നിസ്സാര പരിക്കേറ്റു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകും വിധം പൊതുസ്ഥലങ്ങളിൽ കൊടികളും ഫ്ലെക്സുകളും സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം അനധികൃത സ്ഥാപനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പോലീസ് ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

