തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സി പി ഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും രണ്ടാം പിണറായി സർക്കാരിനും എതിരെ കടുത്ത വിമർശനം. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ബിനോയ് വിശ്വം പരാജയമാണെന്നും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ആവശ്യമായ കരുത്തില്ലെന്നും യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
നിർണ്ണായകമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ കൃത്യസമയത്ത് പ്രതികരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് വിമർശനം ഉയർന്നു. ആറന്മുളയിലെ ആശാ സമരത്തിൽ ആദ്യം മൗനം പാലിച്ച ബിനോയ് വിശ്വം, തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് ശേഷം മാത്രമാണ് നിലപാട് വ്യക്തമാക്കാൻ തയ്യാറായത്.
സെക്രട്ടറിയുടെ ഇത്തരം ദുർബലമായ സമീപനങ്ങൾ പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യമാക്കിയെന്ന് കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. യോഗത്തിൽ ‘ബിനോയ് വിശ്വം പോരാ’ എന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്.
സംഘടനയിൽ ഗുരുതരമായ വീഴ്ചകൾ നിലനിൽക്കുന്നതായും യോഗം വിലയിരുത്തി. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മത്സരിച്ച മണ്ഡലത്തിൽ പോലും യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാക്കാൻ പാർട്ടിക്ക് സാധിച്ചില്ല.
യുവജന സംഘടനയുടെ പ്രവർത്തകർ പോലും രംഗത്തിറങ്ങാത്തപ്പോൾ എതിർപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾക്കായി യുവാക്കൾ വൻതോതിൽ പ്രവർത്തിച്ചത് സംഘടനയുടെ ദൗർബല്യമായി വിലയിരുത്തപ്പെട്ടു. പാർട്ടിയുടെ സ്വാധീന മേഖലകളിൽ യുവാക്കൾ അകലുന്നതിന്റെ തെളിവായി ഹരിപ്പാട് ബി ജെ പിയുടെ വോട്ട് വർദ്ധനവിനെ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ സംഘടനാപരമായ ഏകോപനത്തിൽ വീഴ്ച സംഭവിച്ചതായും വിമർശനമുയർന്നു. രണ്ടാം പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് വഴിയൊരുക്കിയതെന്ന് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.
സർക്കാർ അടിസ്ഥാന വർഗ്ഗത്തെ അവഗണിച്ചുവെന്നും, കഴിഞ്ഞ സർക്കാരിന് ഇടതുപക്ഷ സ്വഭാവം ഉണ്ടായിരുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു. കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളെ സർക്കാർ പൂർണ്ണമായും തഴഞ്ഞെന്നും ഈ മേഖലകളുടെ വികസനത്തിനായി സർക്കാർ ഒന്നും ചെയ്തില്ലെന്നും യോഗം വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

