സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിൽ ഒന്നായ വൈറ്റിലയിലെ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരമായി വമ്പൻ നവീകരണ പദ്ധതികൾക്ക് തുടക്കമാകുന്നു. ഒന്നരക്കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
റോഡ് സേഫ്റ്റി അതോറിറ്റി പിഡബ്ല്യുഡി (എൻഎച്ച് വിഭാഗം) വഴി അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. അടുത്ത ആഴ്ച തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും, റോഡ് ലൈനിംഗ് ഉൾപ്പെടെയുള്ള ജോലികൾ ജൂലൈ 30-നകം പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ കർശന നിർദേശം നൽകി.
ഈ പദ്ധതിയിലൂടെ വൈറ്റിലയിലെ ഗതാഗതക്കുരുക്കിൽ 60 ശതമാനത്തോളം കുറവ് വരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരും.
ജങ്ഷനിലെ ദേശീയപാത മേൽപ്പാലത്തിന്റെ തൂണുകളോട് ചേർന്നുള്ള കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്യും. സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളെ കണിയാമ്പുഴ റോഡ് വഴി ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടും.
ചെറിയ വാഹനങ്ങൾ നിലവിലെ സിഗ്നൽ കടന്ന് സ്റ്റേറ്റ് ഹൈവേയിലൂടെ സഞ്ചരിക്കും. കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലും 12.5 മീറ്റർ വീതിയിലും പുതിയ റോഡ് നിർമിക്കും.
ഗതാഗത തടസ്സം ഒഴിവാക്കാൻ സിവിൽ ജോലികൾ രാത്രികാലങ്ങളിൽ മാത്രമായി നടത്താനാണ് കരാറുകാർക്ക് നൽകിയിരിക്കുന്ന നിർദേശം. കൂടാതെ, വൈറ്റില ജങ്ഷനെ ഭാവിയിൽ സിഗ്നൽ രഹിതമാക്കുന്നതിനായുള്ള ചർച്ചകളും യോഗത്തിൽ നടന്നു.
ഇ ശ്രീധരൻ, പൊതുജന പ്രതിനിധിയായ റോയ്, യുണൈറ്റഡ് ഫോറം എന്നിവർ സമർപ്പിച്ച പദ്ധതികൾ ക്രോഡീകരിച്ച്, ചെലവ് കുറഞ്ഞതും പ്രായോഗികവുമായ ഒരു മാതൃക തയ്യാറാക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

