തിരുവനന്തപുരം: കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തില് മന്ത്രിമാര്ക്കും ചില എംഎല്എമാര്ക്കുമെതിരെ കടുത്ത വിമര്ശനം ഉയര്ന്നു. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ എം ഷാജി, സി പി ജോണ് എന്നിവര്ക്കെതിരെയാണ് യോഗത്തില് പ്രധാനമായും കുറ്റപ്പെടുത്തലുകള് ഉണ്ടായത്.
എംഎല്എമാരെ കാണാന് കൂട്ടാക്കുന്നില്ലെന്നും മണ്ഡലങ്ങളിലെ ആവശ്യങ്ങള് പരിഗണിക്കുന്നില്ലെന്നുമാണ് പ്രധാന ആരോപണം. ഇന്നലെ വൈകുന്നേരം ചേര്ന്ന യോഗത്തിലാണ് ഈ തുറന്ന പോരുകൾ അരങ്ങേറിയത്.
ടൂറിസം മന്ത്രിയായ പി സി വിഷ്ണുനാഥിനെതിരെ കുന്നത്തുനാട് എംഎല്എയായ വി.പി.സജീന്ദ്രന് ആണ് കടുത്ത വിമര്ശനം ഉന്നയിച്ചത്. ടൂറിസം മന്ത്രി എംഎല്എമാരെ കാണാന് പോലും കൂട്ടാക്കുന്നില്ലെന്ന് സജീന്ദ്രന് കുറ്റപ്പെടുത്തി.
പല പദ്ധതികളുമായി ബന്ധപ്പെട്ടും മണ്ഡലത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിയെ സമീപിക്കുമ്പോള് അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിമര്ശനങ്ങള് കടുത്തതോടെ തനിക്ക് ചില പോരായ്മകള് പറ്റിയിട്ടുണ്ടെന്ന് പി സി വിഷ്ണുനാഥ് യോഗത്തില് സമ്മതിക്കുകയും ചെയ്തു.
സ്ഥലംമാറ്റ വിഷയത്തില് തദ്ദേശ മന്ത്രിയില് നിന്ന് നീതി കിട്ടിയില്ലെന്ന് ജ്യോതികുമാര് ചാമക്കാലയും യോഗത്തില് ആരോപിച്ചു. സ്ഥലംമാറ്റപ്പെട്ടവരെ സഹായിക്കുന്നതരത്തില് മന്ത്രിയുടെ ഇടപെടല് ഉണ്ടായെന്നും, ഈ വിമര്ശനം താന് നേരിട്ട് മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത മന്ത്രി കോണ്ഗ്രസ് എംഎല്എമാരുടെ ആവശ്യങ്ങള് പരിഗണിക്കുന്നില്ലെന്ന് എം.വിന്സന്റ് എംഎല്എയും വ്യക്തമാക്കി. മന്ത്രിയെ കാണാന് അവസരം ലഭിക്കുന്നില്ലെന്നും യോഗത്തില് ആക്ഷേപമുയര്ന്നു.
അതേസമയം, യോഗത്തില് എംഎല്എ മാത്യു കുഴല്നാടനെതിരെയും രൂക്ഷ വിമര്ശനമുയര്ന്നു. സര്ക്കാരിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗത്തിന്റെ തുടക്കത്തില് തന്നെ മാത്യു കുഴല്നാടന് ചില വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു.
എംഎല്എമാരുടെ പൊതു അഭിപ്രായം എന്ന നിലയിലായിരുന്നു അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. എന്നാല്, “തങ്ങളുടെ അഭിപ്രായം പറയാന് ആരും മാത്യുവിനെ ചുമതലപ്പെടുത്തിയിട്ടില്ല” എന്ന് വ്യക്തമാക്കി ജ്യോതികുമാര് ചാമക്കാല ഇതിനെതിരെ രംഗത്തുവരികയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

