സംസ്ഥാനത്ത് ഓണാഘോഷ വേളയിൽ ജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയേറിയതുമായ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധനകളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂലൈ 27 മുതൽ നിലവിൽ വന്ന പ്രത്യേക ഓണം സ്ക്വാഡിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലാകെ ഇതുവരെ 5016 പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുടെ ഭാഗമായി 705 നോട്ടീസുകളാണ് ഇതിനകം നൽകിയിട്ടുള്ളത്. കൂടാതെ, ചട്ടലംഘനം കണ്ടെത്തിയ 390 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പിഴയീടാക്കുന്നതിനുള്ള ശുപാർശയും നൽകിയിട്ടുണ്ട്.
ഇതിനുപുറമേ, ഗുണനിലവാരം പരിശോധിക്കുന്നതിനായി 623 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സർവേലൻസ് സാമ്പിളുകളും വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ചിട്ടുണ്ട്. ഓണസദ്യ ഉൾപ്പെടെയുള്ളവയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ശർക്കര, പപ്പടം, നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക മുൻഗണനയാണ് നൽകിവരുന്നത്.
ഉൽപ്പന്നങ്ങളുടെ ലേബൽ വിവരങ്ങൾ, നിർമ്മാണ തീയതി, കാലാവധി കഴിയുന്ന തീയതി, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ കൃത്യമായ വിവരങ്ങൾ എന്നിവ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചാണ് നിലവാരം ഉറപ്പുവരുത്തുന്നത്.
ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവയോടൊപ്പം ഓൺലൈൻ വഴിയുള്ള ഭക്ഷണവിതരണ ശൃംഖലകളിലും പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഓണസദ്യയും മറ്റു ഭക്ഷണപ്പൊതികളും വിതരണം നടത്തുന്ന സംരംഭങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും പാചകം ചെയ്യുന്നതിലുമുള്ള ശുചിത്വം, താപനില കൃത്യമായി പാലിക്കൽ, സുരക്ഷിതമായ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം എന്നിവയാണ് പരിശോധനയിൽ പ്രധാനമായും വിലയിരുത്തുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിലും നേരിട്ടെത്തി ഉൽപ്പന്നങ്ങളുടെ സംഭരണ സാഹചര്യങ്ങളും കാലാവധി കഴിഞ്ഞ വസ്തുക്കളുടെ സാന്നിധ്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
‘ഈറ്റ് റൈറ്റ് കേരളം – സേഫ് ഓണം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഹോട്ടൽ, കാറ്ററിംഗ്, ബേക്കറി ഉടമകൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട
മാനദണ്ഡങ്ങളെക്കുറിച്ച് വ്യാപാരികൾക്ക് മുൻകൂട്ടി ബോധവത്കരണം നൽകിയിട്ടുണ്ട്. ഓണക്കാലം കഴിയുന്നതുവരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ എൻഫോഴ്സ്മെന്റ് പരിശോധനകൾ തുടരുമെന്ന് മന്ത്രി കെ.
മുരളീധരൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

