വിതുരയിലെ കരിപ്പാലം കാരികുറുമ്പ് ആദിവാസി മേഖലയിൽ വനംവകുപ്പ് തോട് നികത്തി റോഡ് നിർമിച്ച നടപടിക്കെതിരെ പരാതി ഉയരുന്നു. വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കടത്തുന്നതിനായി മണ്ണും തടികളും ഉപയോഗിച്ച് തോട് നികത്തി താൽക്കാലിക പാത ഒരുക്കിയെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
കരമന നദിയുടെ പോഷകനദിയായ ഈ തോട് നികത്തിയത് പ്രദേശത്തെ ജലപ്രവാഹത്തെ തടസ്സപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. ഒരു മാസത്തിനുള്ളിൽ മരം മുറി പൂർത്തിയാക്കാൻ കരാർ ഉണ്ടെങ്കിലും, നിലവിലെ നിർമാണ രീതി പ്രകൃതിയെയും പ്രദേശവാസികളുടെ സാധാരണ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപമുണ്ട്.
വരും ദിവസങ്ങളിൽ മഴ ശക്തമായാൽ തോട് അടഞ്ഞുകിടക്കുന്നത് മൂലം വെള്ളം കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും കയറാൻ സാധ്യത ഏറെയാണ്. വർഷങ്ങളായി ഇതേ മേഖലയിൽ താമസിക്കുന്ന തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് പുതിയ പ്രതിസന്ധി.
തോട്ടത്തിന് മറുകരയിലുള്ള കുടുംബങ്ങൾക്ക് പ്രധാന റോഡിലെത്താൻ ഈ തോട് കടക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പ്രദേശത്ത് ഒരു പാലമോ കലുങ്കോ നിർമിക്കണമെന്ന ആവശ്യം ഗ്രാമസഭകളിലും പഞ്ചായത്ത്, വനംവകുപ്പ് അധികൃതർക്ക് മുന്നിലും പലതവണ ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
രോഗികളെയും വയോധികരെയും ആശുപത്രിയിലെത്തിക്കാൻ മരപ്പലകകൾ ഉപയോഗിച്ച് ചുമലിലേറ്റുന്ന സ്ഥിതിവിശേഷമാണുള്ളത്. പുതിയ പാതയിലൂടെ വാഹനഗതാഗതം സാധ്യമാകുന്നത് ആശ്വാസകരമാണെങ്കിലും, മഴക്കാലത്ത് തോട് കരകവിഞ്ഞാൽ കടുത്ത ദുരിതം അനുഭവിക്കേണ്ടി വരുന്നത് ആദിവാസി കുടുംബങ്ങളായിരിക്കും.
ഈ വിഷയത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

