നാഗർകോവിലിന് സമീപമുള്ള പനങ്കുടിയിൽ നിന്നും പഴയകാല നാഞ്ചിനാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിർണ്ണായകമായ ശിലാശാസനം കണ്ടെടുത്തു. നാഗർകോവിലിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന പനങ്കുടി രാമലിംഗസ്വാമി ശിവകാമി അമ്മാൾ ക്ഷേത്രത്തിന് സമീപമുള്ള ഒരു കടയോട് ചേർന്ന് സ്ഥാപിച്ച നിലയിലായിരുന്നു ഈ ചരിത്രശില ശ്രദ്ധയിൽപ്പെട്ടത്.
സ്വതന്ത്ര ചരിത്രഗവേഷകനായ അജിത് മീനാക്ഷി തിരുവനന്തപുരം നടത്തിയ നിരീക്ഷണത്തിലാണ് ഈ കരിങ്കൽ തൂൺ കണ്ടെത്തിയത്. ലിപി വിന്യാസത്തിലെ പ്രത്യേകതകൾ
തമിഴ്-ഗ്രന്ഥാക്ഷരി ലിപികളിലാണ് ഈ ശിലാശാസനം കൊത്തിവെച്ചിരിക്കുന്നത്.
കരിങ്കൽ തൂണിന്റെ മുകൾഭാഗത്തായി പ ന ഗു ടി എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തൂണിന്റെ താഴത്തെ ഭാഗങ്ങളിൽ വാസുരമയ്യർ അവർഗൽ ശശിസങ്കരാർ ഇയാൻപിള്ളയ് എന്നീ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിൽ ഈ പ്രദേശത്തെ പ്രമുഖരായ വ്യക്തികളോ ഭരണാധികാരികളോ പനങ്കുടി ക്ഷേത്രത്തിലേക്ക് ഭൂമിയോ മറ്റ് അവകാശങ്ങളോ ദാനം ചെയ്തതുമായി ബന്ധപ്പെട്ട ഔദ്യോഗിക ‘ദാനശാസനത്തിന്റെ’ ഭാഗമാണ് ഈ ശിലയെന്നാണ് പ്രാഥമിക ചരിത്ര നിഗമനം.
സംരക്ഷണം അനിവാര്യം
ചരിത്രപരമായി വലിയ ഗവേഷണ സാധ്യതകളുള്ള ഈ ശിലാശാസനം പുരാവസ്തു വകുപ്പ് അടിയന്തരമായി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ശിലയിലെ വരികൾ പൂർണ്ണമായി വായിച്ചെടുക്കുന്നതിനായി എപ്പിഗ്രാഫി വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നും അജിത് മീനാക്ഷി തിരുവനന്തപുരം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

