സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂത്രാശയരോഗ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം കടുത്ത ഉപകരണക്ഷാമത്തിൽ.
ഉപയോഗത്തിലിരിക്കുന്ന ഭൂരിഭാഗം ഉപകരണങ്ങളും കാലാവധി അവസാനിക്കുന്ന ഘട്ടത്തിലായതോടെ ചികിത്സാ സംവിധാനങ്ങൾ ഏതുനിമിഷവും നിലച്ചുപോകുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. കഴിഞ്ഞ പത്തു വർഷമായി പുതിയൊരു ഉപകരണം പോലും ഈ വിഭാഗത്തിലേക്ക് ലഭ്യമായിട്ടില്ലെന്ന ഗുരുതരമായ ആക്ഷേപം നിലനിൽക്കുന്നുണ്ട്.
താരതമ്യേന തിരക്ക് കുറഞ്ഞ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സംവിധാനങ്ങൾ അനുവദിക്കുമ്പോഴും കോട്ടയത്തോട് കാണിക്കുന്ന അവഗണന വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിർധനരായ ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉടലെടുക്കും.
സംസ്ഥാനത്ത് മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇതുവരെ 259 വൃക്കമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ കേന്ദ്രമാണിത്.
എന്നാൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വാസ്കുലർ ഉപകരണങ്ങൾ കാലഹരണപ്പെട്ടതോടെ ഈ ചികിത്സാ സേവനം നിർത്തിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ചികിത്സയ്ക്കും മൂത്രസഞ്ചിയിലെ കാൻസർ നിർണ്ണയത്തിനും ഉപയോഗിക്കുന്ന സിസ്റ്റോസ്കോപ്പ് തകരാറിലായതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഉണ്ടായിരുന്ന ഒരേയൊരു ഉപകരണം പ്രവർത്തനരഹിതമായതോടെ നൂറുകണക്കിന് രോഗികൾ വലിയ സാമ്പത്തിക ബാധ്യത വരുത്തി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നു. 4 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ഉപകരണം വാങ്ങുന്നതിനായി നിലവിലെ ഉപകരണം തിരിച്ചെടുത്ത് 2.5 ലക്ഷം രൂപ നൽകിയാൽ മതിയെന്ന നിർദ്ദേശം അധികൃതരുടെ പരിഗണനയിലുണ്ട്.
കൂടാതെ, ലേസർ ഉപയോഗിച്ചുള്ള കല്ല് പൊടിക്കുന്ന ചികിത്സാ ഉപകരണങ്ങളും ലാപ്രോസ്കോപ്പിക് സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏറെ പ്രയാസപ്പെട്ടാണ് ഡോക്ടർമാർ ശസ്ത്രക്രിയകൾ പൂർത്തിയാക്കുന്നത്.
അടിയന്തരമായി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

