വടക്കഞ്ചേരി മേഖലയിലെ ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലും ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ബസുകളുടെ സർവീസ്. അഞ്ചുമൂർത്തി മംഗലം ഭാഗത്ത് സർവീസ് റോഡ് ഉപയോഗിക്കേണ്ട
ബസുകൾ ദേശീയപാതയിലൂടെ തന്നെ സർവീസ് നടത്തുന്നതും യാത്രക്കാരെ കയറ്റാനായി പാതയോരത്ത് നിർത്തുന്നതും വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അഞ്ചുമൂർത്തി മംഗലം ആലിൻചുവട് ഭാഗത്ത് ദേശീയപാതയിൽ നിർത്തിയിട്ട
സ്വകാര്യ ബസിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 12 പേർക്കാണ് പരുക്കേറ്റത്. ഇതിനെത്തുടർന്ന് നാട്ടുകാർ സർവീസ് റോഡ് വഴി സഞ്ചരിക്കാത്ത ബസുകൾ തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ ബസുകൾ സർവീസ് റോഡ് വഴി പോകാൻ തയ്യാറായെങ്കിലും, അധികൃതരുടെ സാന്നിധ്യം കുറഞ്ഞതോടെ സ്ഥിതി പഴയപടിയിലേക്കു മടങ്ങി. ഈ മേഖലയിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി മുൻപും അധികൃതർ നിർദേശങ്ങൾ നൽകിയിരുന്നു.
രണ്ട് വർഷം മുൻപ് ഇതേ സ്ഥലത്ത് സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സമീപത്തെ വീട്ടിലേക്ക് ബസ് ഇടിച്ചുകയറിയായിരുന്നു അന്ന് അപകടം അവസാനിച്ചത്.
തുടർന്ന് ആലിൻചുവട് ബസ് സ്റ്റോപ്പിലും മംഗലംപാലത്തും മാത്രം ബസുകൾ നിർത്തി ആളെ കയറ്റി പോകണമെന്നും ദേശീയപാതയിൽ ബസ് നിർത്തരുതെന്നും മോട്ടർ വാഹനവകുപ്പും പൊലീസും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ നിലവിൽ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്.
അപകടപരമ്പരകൾ ആവർത്തിക്കുമ്പോഴും പൊലീസ് വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. തിരക്കേറിയ പാതയിൽ ബസുകൾ അശ്രദ്ധമായി നിർത്തുന്നത് വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ലൈനുകളോ സ്ഥാപിക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. മംഗലം കൊല്ലത്തറയിൽ ഫെയർസ്റ്റേജ് ബസ് സ്റ്റോപ് നിലവിലുണ്ടെങ്കിലും, ആവശ്യമായ സൗകര്യങ്ങളായ കാത്തിരിപ്പ് കേന്ദ്രം, സീബ്രാലൈൻ, യു-ടേൺ, സർവീസ് റോഡ് എന്നിവയുടെ അപര്യാപ്തത അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.
ഉടൻ തന്നെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

