ബിഹാറിൽ വൈദ്യുതി വകുപ്പ് ജീവനക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ. ജമൂയിയിലെ സംസ്ഥാന വൈദ്യുതി വകുപ്പിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദേവ് കുമാർ ഗുഞ്ചൻ ആണ് കൊല്ലപ്പെട്ടത്.
ജൂൺ 11-ന് ട്രെയിനിൽ യാത്ര ചെയ്യവെ ഖഗാരിയ ജില്ലയിലെ ബദ്ല ഘാട്ടിന് സമീപം വെച്ചാണ് അദ്ദേഹം അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴിയും ശാസ്ത്രീയമായ അന്വേഷണവും നടത്തിയ കതിഹാർ റെയിൽവേ പോലീസ്, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയായിരുന്നു.
ഗുഞ്ചന്റെ ഭാര്യ സമിത കുമാരിയും ഇവരുടെ കാമുകൻ അജിത് കുമാർ എന്നയാളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അജിത് കുമാർ നളന്ദയിലാണ് ജോലി ചെയ്തിരുന്നത്.
സമിതയും അജിത് കുമാറും തമ്മിലുള്ള അവിഹിത ബന്ധത്തിന് ഭർത്താവ് തടസ്സമാകുമെന്ന് കണ്ടാണ് ഇവർ കൊലപാതകത്തിന് പദ്ധതിയിട്ടത്. ഈ ക്രൂരകൃത്യം നടപ്പിലാക്കുന്നതിനായി ധീരജ് എന്ന വാടകക്കൊലയാളിയെയാണ് ദമ്പതികൾ ഏർപ്പാടാക്കിയതെന്ന് കതിഹാർ റെയിൽവേ എസ്.പി.
ഹരി ശങ്കർ കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. എസ്.പിയുടെ വാക്കുകൾ ഇങ്ങനെ: “ഗുഞ്ചനും സമിതയും 2018 ലാണ് വിവാഹിതരായത്.
അവർക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. സമിതയുമായി പ്രണയത്തിലായിരുന്നുവെന്ന് അജിത് കുമാർ സമ്മതിച്ചു.
യുവതിയുടെ ഭർത്താവ് തടസ്സമാകുമെന്ന് തോന്നിയതിനാലാണ് കൊല്ലാൻ തീരുമാനിച്ചത്. ഗുഞ്ചൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കൊലപ്പെടുത്താൻ വാടകകൊലയാളിയായ ധീരജിനെ ഏൽപ്പിച്ചു.
കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉപയോഗിച്ചതായി പറയപ്പെടുന്ന മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.” പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

