തിരുവനന്തപുരം കേന്ദ്രീകരിച്ച് ബിജെപി സംസ്ഥാന ഘടകത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. പാർട്ടിയുടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് കാലയളവിൽ കേന്ദ്ര നേതൃത്വം സൗജന്യമായി ലഭ്യമാക്കിയ കൊടി, തോരണങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികൾ മറിച്ചുവിറ്റുവെന്നാണ് പ്രധാന ആരോപണം. പ്രചാരണ സാമഗ്രികൾ നിർമ്മിച്ച വകയിൽ ബിജെപി നേതാവിന് കമ്മീഷൻ നൽകിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കൊടി തയ്യാറാക്കിയതിന് മുഴുവൻ തുകയും പാർട്ടി നൽകുന്നതിന് മുൻപ് തന്നെ 31 ലക്ഷം രൂപ പാർട്ടി നേതാവിന് നൽകിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. നിശ്ചയിച്ച തുകയിൽ ബാക്കിയുള്ള 4.65 ലക്ഷം രൂപ ലഭിക്കാനായി ബന്ധപ്പെട്ടപ്പോൾ നേതാക്കൾ ഫോൺ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇതിനുപുറമെ, കരമനയിൽ നടന്ന റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് സ്ഥാപിച്ചതിലും കമ്മീഷൻ കൈപ്പറ്റിയെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. പാർട്ടി നിയോഗിച്ച ട്രഷറർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആദ്യം ക്രമക്കേടുകൾ കണ്ടെത്തിയത്.
തുടർന്ന് വിഷയം ദേശീയ നേതൃത്വത്തെ അറിയിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് പ്രധാന നേതാക്കളെയും ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ, ഈ നടപടികൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വിഷയത്തിൽ നേതൃത്വം ഒത്തുകളിക്കുന്നുവെന്നാരോപിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന കോർകമ്മിറ്റി യോഗത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇവരുടെ തീരുമാനം.
നിലവിൽ വിദേശത്തുള്ള സംസ്ഥാന അധ്യക്ഷൻ 18-ാം തീയതി മടങ്ങിയെത്തിയ ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിനും ആർഎസ്എസിനും അതൃപ്തിയുണ്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

