ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട
സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം നേതാവ് ഇ പി ജയരാജൻ. അന്ന് വിമാനത്തിനുള്ളിൽ നടന്നത് സാധാരണ പ്രതിഷേധമല്ലെന്നും അതൊരു “ഭീകര പ്രവർത്തനമായിരുന്നു” എന്നും അദ്ദേഹം ആവർത്തിച്ചു.
ഒരു ചാനൽ ചർച്ചയിലാണ് ഇ പി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്. “ഇത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു.
പ്രതികളെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്. ജുഡീഷ്യറിയെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
ബിജെപി സര്‍ക്കാരിനെ സ്വാധീനിച്ച് പോലും ഇടപെടലുകളുണ്ടായി. അക്രമികള്‍ക്കെതിരെ ഇന്‍ഡിഗോ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ എത്തിയതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അക്രമണോത്സുകരായി ബഹളമുണ്ടാക്കി മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞെത്തിയ ഇവരെ താൻ തടയാൻ ശ്രമിച്ചു. ആ ഘട്ടത്തിൽ അവർ തന്നെ തള്ളിമാറ്റി മുന്നോട്ട് കുതിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ചു തള്ളുകയാണ് ചെയ്തതെന്നും ഇ പി ജയരാജൻ വിശദീകരിച്ചു.
2022 ജൂൺ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇ പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് വ്യക്തമാക്കിയ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും ഈ കേസിൽ പ്രതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

