ഇന്ത്യയില്‍ നിന്നുള്ള മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍ എന്നിവ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി തുടരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ യൂണിയന് പുറത്തിറക്കിയ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്.
ഇതോടെ, വരും മാസങ്ങളിലും തടസ്സങ്ങളില്ലാതെ കയറ്റുമതി നടപടികളുമായി മുന്നോട്ടുപോകാന്‍ രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് സാധിക്കും. യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമങ്ങള്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ആശങ്കകള്‍ കണക്കിലെടുത്ത്, മൃഗജന്യ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട
ചട്ടങ്ങളില്‍ യൂറോപ്യന്‍ യൂണിയന് അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 2026 സെപ്റ്റംബര്‍ മുതല്‍ ഈ നിയമങ്ങള്‍ കര്‍ശനമായി നിലവില്‍ വരും.
എന്നിരുന്നാലും, പുതുതായി അംഗീകാരം ലഭിച്ചതോടെ നിശ്ചിത തീയതിക്ക് ശേഷവും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് തിരിച്ചടിയുണ്ടാകില്ല. മത്സ്യമേഖലയ്ക്ക് വന്‍ നേട്ടം ഈ തീരുമാനം ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
നിലവില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ മത്സ്യ-സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ മൂല്യം ഏകദേശം 1.59 ബില്യണ്‍ ഡോളറാണ്. കേന്ദ്ര വാണിജ്യ വകുപ്പും എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലും യൂറോപ്യന്‍ കമ്മീഷനുമായി നടത്തിയ നിരന്തര ചര്‍ച്ചകളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
വിപണിയിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഉന്നതതല ഇടപെടലുകളാണ് നടന്നത്. ಗುണനിലവാരവും പരിശോധനയും യൂറോപ്യന്‍ യൂണിയന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇന്ത്യയിലെ പരിശോധനാ സംവിധാനങ്ങളും സര്ട്ടിഫിക്കേഷന് നടപടികളും എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സില്‍ ഇതിനകം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി വാണിജ്യ വകുപ്പ്, എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സില്‍, എംപിഇഡിഎ എന്നിവ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരമുള്ള ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. ഈ അംഗീകാരം യൂറോപ്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും വ്യാപാര അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

