അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ മേയ് 19-ന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന ലോകകപ്പ് ഉൾപ്പെടെയുള്ള തിരക്കേറിയ മത്സരക്രമങ്ങൾ പരിഗണിച്ച്, പേസർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനായി അദ്ദേഹം ഏതെങ്കിലും ഒരു ഫോർമാറ്റിൽ മാത്രം കളിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് സെലക്ഷൻ കമ്മിറ്റി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത ഏക ടെസ്റ്റ് മത്സരം ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡിഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് ജൂൺ 14-ന് ധരംശാല, 17-ന് ലക്നൗ, 20-ന് ചെന്നൈ എന്നിവിടങ്ങളിലായി ഏകദിന പരമ്പര അരങ്ങേറും.
രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിന ടീമിലേക്ക് മടങ്ങിയെത്തും. ബുംറ ടെസ്റ്റ് മത്സരത്തിൽ കളിക്കുകയാണെങ്കിൽ ഏകദിന പരമ്പരയിൽ നിന്ന് അദ്ദേഹത്തിന് വിശ്രമം ലഭിക്കും.
നേരെമറിച്ച്, ഏകദിന പരമ്പരയിലാണ് ബുംറ കളിക്കുന്നതെങ്കിൽ ടെസ്റ്റിൽ വിശ്രമം നൽകാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ബുംറ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യൻ പേസ് നിരയ്ക്ക് നേതൃത്വം നൽകും.
യുവ പേസർ ഹർഷിത് റാണയുടെ പരിക്ക് ഡൽഹി താരം പ്രിൻസ് യാദവിന് ഏകദിന ടീമിലേക്ക് വഴിതുറന്നേക്കും. വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളും, ഐപിഎല്ലിൽ ലക്നൗവിനായി 12 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളും വീഴ്ത്തിയ പ്രകടനമാണ് താരത്തിന് തുണയാകുന്നത്.
ഐപിഎല്ലിൽ വിരാട് കോലിയെ ഇൻസ്വിംഗറിലൂടെ പുറത്താക്കി ശ്രദ്ധ നേടിയ പ്രിൻസിനെ കോലി നേരിട്ട് അഭിനന്ദിച്ചിരുന്നു. ടെസ്റ്റ് ടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ലെങ്കിലും സായ് സുദർശന് പകരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിലേക്ക് എത്തിയേക്കും.
വാഷിംഗ്ടൺ സുന്ദറും ധ്രുവ് ജൂറെലും ഈ സ്ഥാനത്തിനായി രംഗത്തുണ്ട്. പരിക്കേറ്റ ആകാശ് ദീപിനും ഹർഷിത് റാണയ്ക്കും പകരമായി ജമ്മു കശ്മീർ പേസർ അക്വിബ് നബിയെയോ നിതീഷ് കുമാർ റെഡ്ഡിയെയോ റിസർവ് പേസറായി പരിഗണിച്ചേക്കും.
സ്പിൻ നിരയിൽ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ അക്സർ പട്ടേലിന് പകരം മാനവ് സുതർ ടീമിലെത്താൻ സാധ്യതയുണ്ട്.
വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തും ധ്രുവ് ജൂറെലും ടീമിൽ ഇടംപിടിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

